വിദഗ്ധസമിതിയുടെ നിർദേശങ്ങൾ കണക്കിലെടുത്ത് മുതലപ്പൊഴി അപകടരഹിത ഹാർബറാക്കുമെന്ന് മന്ത്രി വി.ഇ.അബ്‌ദുൽ ഗഫൂർ. മൽസ്യ തൊഴിലാളികളെ പൂർണമായും വിശ്വാസത്തിലെടുക്കും. മണൽനീക്കി തീരത്തോട് ചേർന്നുള്ള ഭാഗത്തിന്‍റെ ആഴം കൂട്ടി പുലിമുട്ട് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള തുടർ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുതലപ്പൊഴി സന്ദർശിച്ച മന്ത്രി അറിയിച്ചു.
മൽസ്യ തൊഴിലാളികൾ അടക്കം സകലരെയും കേൾക്കും. അപകടരഹിത മൽസ്യബന്ധന തുറമുഖമാക്കി മാറ്റുകയാണ് ലക്ഷ്യം. പുലിമുട്ട് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള തുടർ നിർമാണങ്ങൾക്ക് വിദഗ്ധസമിതിയുടെ നിർദേശം പരിഗണിക്കും. യന്ത്ര സഹായത്തോടെയുള്ള മണൽ നീക്കത്തിന് നിലവിലെ സൗകര്യങ്ങൾ പരിമിതമെന്ന പരാതിയിലും പരിഹാരം കാണും. നിലവിലുള്ള ഡ്രജിങ് സംവിധാനത്തിന് പരിമിതിയുണ്ട്. ഇത് നീക്കുന്നതിന് അദാനി ഗ്രൂപ്പിൻ്റെ സഹായം തേടുന്നത് ആലോചിക്കും.
പുലിമുട്ട് നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. അപകടത്തിൽപ്പെടുന്ന മർസ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ലൈഫ് ഗാർഡുമാരുടെ അംഗബലം ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. രമ്യ ഹരിദാസ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും മന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി.