തിരുവനന്തപുരം കോര്‍പറേഷനില്‍ തിരഞ്ഞെടുപ്പ് പ്രചാരണചൂട് ഏറ്റവും കൂടുതല്‍ അറിഞ്ഞ വിഴിഞ്ഞം നാളെ പോളിങ് ബൂത്തിലേക്ക്. കേവല ഭൂരിപക്ഷത്തിന് വേണ്ട 51 എന്ന മാജിക്ക് നമ്പര്‍ ഒറ്റയ്ക്ക് ഉറപ്പിക്കാന്‍ ബിജെപിയും ശക്തമായി രംഗത്തിറങ്ങിയതോടെ ത്രികോണ പോരിന്റെ പ്രതീതിയായി വാര്‍ഡില്‍.
സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് വാഹനാപകടത്തില്‍പ്പെട്ട് മരിച്ചതിനെത്തുടര്‍ന്നാണ് വിഴിഞ്ഞത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞമാസം മാറ്റിവച്ചത്. 100 വാര്‍ഡുകളിലെ ഫലം വന്നപ്പോള്‍ ഇടതുപക്ഷത്തെ ഞെട്ടിച്ച് ബി.ജെ.പി കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തതോടെ വിഴിഞ്ഞം മൂന്നുമുന്നണികള്‍ക്കും നിര്‍ണായകമായി. സിറ്റിങ് സീറ്റ് നിലനിര്‍ത്തി ചെറിയ ആശ്വാസം കണ്ടെത്താനാണ് സി.പി.എം ശ്രമം. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ മുന്‍ കൗണ്‍സിലറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതേസമയം, സി.പി.എമ്മും കോണ്‍ഗ്രസും നേരിടുന്ന പ്രധാന വെല്ലുവിളി വിമത ശല്യമാണ്. എല്‍ഡിഎഫിന് മുന്‍ കൗണ്‍സിലറും യുഡിഎഫിന് യൂത്ത് കോണ്‍ഗ്രസ് നേതാവുമാണ് വിമതര്‍. സ്വതന്ത്രന്റെ പിന്തുണയോടെ കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് മുന്നോട്ടുപോകുന്ന ബി.ജെ.പി, മുന്‍ കാലങ്ങളില്‍ വ്യത്യസ്തമായി തീരദേശ വാര്‍ഡില്‍ സീരിയസായി പ്രചാരണം നടത്തി. പുതിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ അനുകൂലമായാല്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാമെന്നതാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്. ഒന്‍പത് സ്ഥാനാര്‍ഥികളുള്ള വിഴിഞ്ഞം നാളെ വിധിയെഴുതുമ്പോള്‍ മുന്നണികളും പ്രതീക്ഷ കൈവിടുന്നില്ല