പുതുവൽസരാഘോഷത്തിന്റെ വരവും ആവേശവും നിറച്ച് വർണ വസന്ത വിസ്മയം തീർത്ത് അനന്തപുരി. കനകക്കുന്നിൽ സകലരെയും ആകർഷിക്കുന്ന മട്ടിലുള്ള കാഴ്ചയുടെയും ദീപവിതാനങ്ങളുടെയും ഒരുക്കം. വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിലുള്ള മേളയിലേക്ക് നാട്ടാരെന്നാകെ എത്തി പുതുവല്‍സര ആഘോഷ വരവ് തീർക്കുകയാണ്.
പ്രകാശപൂരിതം. വർണം നിറയ്ക്കുന്ന വൈവിധ്യങ്ങൾ വേണ്ടുവോളം. മിന്നി മിന്നി തെളിയുന്ന വിളക്കുകളിലെ മനോഹാരിത കണ്ട് കണ്ണുടക്കി നേരെ എത്തുന്നത് വർണ വസന്തം സുഗന്ധം തീർക്കുന്നിടത്തേക്ക്. അലകടൽ താണ്ടി മലയാളിക്ക് സ്വന്തമായതും, കേരളത്തനിമയ്ക്ക് പേരു ചേർത്ത പൂക്കൾ അടയാളങ്ങളുമേറെ. അവിടെ ആരവങ്ങളും ആവേശവും തീർക്കുന്ന മേളക്കാഴ്ചയുടെ നീണ്ടനിര. അവധിക്കാലം എങ്ങനെ അടിച്ച് പൊളിക്കാമെന്ന് ചിന്തിക്കുന്നവർക്ക് പറ്റിയ ഇടം. ആരവങ്ങൾ തുടരും.
രാത്രിയിൽ മിന്നിത്തിളങ്ങുന്ന വിസ്മയങ്ങൾ നിറയുന്നിടത്ത് പുതുവല്‍സര രാവിനോട് അടുത്ത് ഇനിയും ആരവങ്ങളുടെ തോതുയരും. അണമുറിയാത്ത മട്ടിൽ ആളുകളെത്തുമ്പോൾ അനന്തപുരിയുടെ രാവുകൾക്ക് ആൾപ്പെരുമാറ്റത്തിലൂടെ ഉറക്കം കുറയുന്ന ഉണർന്നിരിക്കുന്ന മണിക്കൂറുകളുടെ ദൈർഘ്യമേറും.