TOPICS COVERED

രാഷ്ട്രീയ ബലാബലം പരീക്ഷിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ വീണ്ടും മുന്നണികള്‍ തയാറെടുക്കുന്നു. അഭിമാന തുറമുഖത്തിനോട് ചേര്‍ന്നുള്ള വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് നിസാര പോരാട്ടമാവില്ല. വാഹനാപകടത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് മാറ്റിവച്ച വിഴിഞ്ഞത്തെ തിരഞ്ഞെടുപ്പ് ഏത് സമയത്തായാലും അലകടലിനെ വെല്ലുന്ന ആവേശമുണ്ടാക്കും. 

എല്ലാ കണ്ണുകളും വിഴിഞ്ഞത്തേക്ക്. ആര് വാഴും, ആര് വീഴുമെന്ന ചിന്ത അണികളുടെ ശ്വാസവേഗത ഉയര്‍ത്തും. സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് അപകടത്തില്‍ മരിച്ചതിനാലാണ് വിഴിഞ്ഞത്തെ വോട്ടെടുപ്പ് മാറ്റിയത്. അന്‍പതില്‍ നിന്നും അന്‍പത്തി ഒന്നാക്കി കോര്‍പറേഷനിലെ സീറ്റ് നേട്ടം ഉയര്‍ത്തണമെങ്കില്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റ് ബിജെപിക്ക് നേടിയേ മതിയാവൂ. എല്‍ഡിഎഫിനും, യു.ഡി.എഫിനും ഒന്നിലേറെ വിമതന്മാരുള്ള സാഹചര്യത്തില്‍ താമര വിരിയിക്കാനുള്ള വളക്കൂറുണ്ടാവുമെന്ന് ബി.ജെ.പി. അനന്തപുരിയില്‍ ഭരണം പിടിച്ചതിന്‍റെ ആത്മവിശ്വാസമാണ് കൈമുതല്‍. സകല നേതാക്കളുടെയും ശ്രദ്ധയെത്തുമെന്ന് വോട്ടര്‍മാരും. 

സിറ്റിങ് സീറ്റിന് ഇളക്കം തട്ടാതിരിക്കുക ലക്ഷ്യമിട്ട് എല്‍ഡിഎഫ് ഇറക്കിയ നൗഷാദ് തന്നെയാവും കളത്തിലുണ്ടാവുക. യു.ഡി.എഫിനായി കെ.എച്ച്.സുധീര്‍ഖാനും, ബിജെപിക്കായി  സര്‍വശക്തിപുരം ബിനുവും മല്‍സരിക്കും. ആം ആദ്മി സ്ഥാനാര്‍ഥിയും വിമതരും സ്വതന്ത്രരും നിരക്കുമ്പോള്‍ വലനിറയെ മീനുമായി വന്ന് കയറുന്നവരെപ്പോലെ വിഴിഞ്ഞത്തിന് സ്ഥാനാര്‍ഥികളേറെയാണ്. നിലവിലെ സാഹചര്യത്തില്‍ മുന്നണികള്‍ക്ക് വിഴിഞ്ഞം ചെറിയൊരു മീനല്ലെന്നുറപ്പിക്കാം. 

ENGLISH SUMMARY:

The political fronts in Thiruvananthapuram Corporation are gearing up for a crucial, deferred election in the Vizhinjam Ward, located near the prestigious port project. The poll was postponed following the accidental death of an independent candidate, Justin Francis. This deferred election is now expected to generate significant political intensity.