മണല്‍ ശില്‍പ്പവും സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണവും തമ്മില്‍ എന്താണ് ബന്ധം. പ്രധാന കടല്‍ത്തീരങ്ങളില്‍ മണലില്‍ എസ്.ഐ.ആര്‍ എന്ന മുദ്ര കണ്ടാല്‍ അതൊരു പരിശ്രമത്തിന്‍റെ അടയാളമാണെന്ന് തിരിച്ചറിയണം. അര്‍ഹരായവര്‍ക്ക് വോട്ട് നഷ്ടപ്പെടാതെ നടപടിക്രമങ്ങളുടെ ഭാഗമാവാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓര്‍മപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കോവളം തീരത്തും മണല്‍ ശില്‍പം തീര്‍ത്തത്.
തീരം തൊടുന്ന തിരകളോട് ചേര്‍ന്നൊരു മണല്‍ശില്‍പം. വെറുമൊരു മണല്‍ ശില്‍പമല്ലിത്. രാജ്യത്തിന്‍റെ നട്ടെല്ലായ സമ്മതിദായകര്‍ക്കുള്ള ശില്‍പമാണ്. സഞ്ചാരികള്‍ കൂടുതലായെത്തുന്ന പ്രധാന കടല്‍ത്തീരങ്ങളില്‍ ഇതേ മട്ടിലുള്ള ശില്‍പ്പങ്ങള്‍ നിറയും. ലക്ഷ്യം ഒന്നുമാത്രം. വ്യത്യസ്ത വഴികളിലൂടെയാണ് ബോധവല്‍ക്കരണം. ഇതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ മണല്‍ശില്‍പം ഒരുക്കിയിരിക്കുന്നത്.
കാഴ്ചയിലെ കൗതുകത്തിനപ്പുറം വോട്ടര്‍മാരുടെ സകല സംശയങ്ങള്‍ക്കും പരിഹാര വഴികളും അറിയാനുള്ള ഇടം കൂടിയാണ് ഇവിടം. വോട്ടര്‍പട്ടിക ശുദ്ധീകരണ വഴികളില്‍ ഇനിയുമേറെ കൗതുകവും കടല്‍ത്തിര കടന്നും നീളുന്ന നിരന്തര കാഴ്ചയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമാക്കും. സംസ്ഥാന സര്‍ക്കാര്‍ എസ്.ഐ.ആറിനെതിരെ നിയമനടപടിയുമായി നീങ്ങുന്ന സാഹചര്യത്തില്‍ കരുതലോടെയാണ് കമ്മിഷന്‍റെ ബോധവല്‍ക്കരണം.