തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തോരാമഴ വിതച്ചത് വ്യാപക കൃഷിനാശം. അഞ്ഞൂറ് ഹെക്ടറിലധികം കൃഷിയിടങ്ങള്‍ വെള്ളത്തിലായെന്ന് കൃഷിവകുപ്പിന്‍റെ പ്രാഥമിക കണക്ക്. പച്ചക്കറി, വാഴ കര്‍ഷകര്‍ക്കാണ് വന്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.
രണ്ട് ദിവസമായി തുടരുന്ന തോരാമഴ. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കര്‍ഷകന് വന്‍ നഷ്ടവും കണ്ണീരും മാത്രം മിച്ചം. നെയ്യാറ്റിന്‍കരയുടെ പരിസര പ്രദേശങ്ങളായ അമരവിള, ഉദയന്‍കുളങ്ങര, ചെങ്കല്‍, വ്ളാത്താങ്കര പ്രദേശങ്ങളിലാണ് കൃഷിയിടങ്ങളില്‍ വെള്ളത്തിലായത്. പച്ചക്കറിപ്പാടങ്ങളിലാണ് വന്‍ നാശം.
വാഴത്തോട്ടങ്ങളിലും വെള്ളം നിറഞ്ഞു. വെള്ളം ഇറങ്ങിയില്ലങ്കില്‍ വാഴയും ഉടന്‍ ചീഞ്ഞ് നശിക്കും. ഇതോടെ കൃഷിനാശത്തിന്‍റെ തോത് ഇരട്ടിയാകും. നെയ്യാര്‍ ഡാമില്‍ നിന്ന് ഇപ്പോള്‍ തന്നെ വെള്ളം തുറന്ന് വിട്ടിരിക്കുകയാണ്. ഇനിയും കൂടുതല്‍ വെള്ളം തുറന്ന് വിട്ടാല്‍ വീണ്ടും കൃഷിയിടങ്ങള്‍ വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പതിവുപോലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെത്തി കണക്കെടുത്തെങ്കിലും സാമ്പത്തിക സഹായം ഇനി ഏത് കാലത്ത് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല.