മഞ്ഞും മഴയുമുണ്ട്. കണ്ണാടിപ്പാളികളിലൂടെ പതിയെ നടന്ന് ചുറ്റും കണ്ണോടിച്ചാല്‍ നോക്കെത്താ ദൂരത്തോളം നീളുന്ന തലസ്ഥാന നഗരിയുടെ വൈവിധ്യമറിയാം. കായലിന്‍റെ ഭംഗിയും തട്ട് തട്ടായി തല ഉയര്‍ത്തുന്ന ബഹുനില മന്ദിരങ്ങളും വ്യവസായ സ്ഥാപനങ്ങളും വേറെ. മഴമേഘങ്ങള്‍ക്കിടയിലൂടെ പറന്ന് പറന്ന് മറുകര പിടിക്കാന്‍ വേഗതയിലേക്കുയരുന്ന വിമാനങ്ങള്‍. ഇതെല്ലാം തടസങ്ങളും തിരക്കുമില്ലാതെ കാണാന്‍ കഴിയുന്നൊരിടമുണ്ട്. ആക്കുളത്തെ ടൂറിസ്റ്റ് വില്ലേജില്‍ പണി പൂര്‍ത്തിയായ കണ്ണാടിപ്പാലം.
കുടുംബസമേതം സഞ്ചാരികള്‍ക്ക് ഇതുവഴി വരാം. പാലത്തില്‍ കയറി നിറയെ നിറയെ കാഴ്ച ആസ്വദിക്കാം. പതിനെട്ട് അടി ഉയരം. അന്‍പത് മീറ്റര്‍ നീളം. അലങ്കാരമായി പച്ചപ്പിന്‍റെ അടയാളവും. വൈവിധ്യങ്ങള്‍ നിരത്തിയുള്ള കണ്ണാടിപ്പാലം ഈമാസം 22 ന് സഞ്ചാരികള്‍ക്കായി തുറക്കും. മുതിര്‍ന്നവര്‍ക്ക് 200ഉം, കുട്ടികള്‍ക്ക് 150ഉം രൂപയാണ് ഫീസായി ഈടാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരേസമയം ഇരുപതുപേര്‍ക്കാണ് പ്രവേശനം. പത്ത് മിനിറ്റ് സമയം ചെലവഴിക്കാം.
ടി.ഡി.പി.സിയുടെ സഹകരണത്തോടെ യുവ സംരംഭകരുടെ സഹകരണ കൂട്ടായ്മയായ വൈബ് കോസാണ് ഒന്നരക്കോടി ചെലവില്‍ കണ്ണാടിപ്പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൃത്രിമ വെളളച്ചാട്ടവും പെഡല്‍ ബോട്ടിങും ഉള്‍പ്പെടെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന നിരവധി വൈവിധ്യങ്ങള്‍ ഇതിനകം ടൂറിസ്റ്റ് വില്ലേജിലുണ്ട്. പുതുമയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളികള്‍ക്ക് കാഴ്ചവിരുന്നിന്‍റെ കൗതുകം പങ്കിടാന്‍ അങ്ങനെ മറ്റൊരിടം കൂടി.