വിഴിഞ്ഞം–നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് സ്ഥലമേറ്റെടുത്ത് പെരുവഴിലായവരില്‍ ക്യാന്‍സര്‍ രോഗിയും. തിരുവനന്തപുരം മാണിക്കല്‍ സ്വദേശിയായ നഫീസത്ത് സലായാണ് രോഗാവസ്ഥയിലും നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നത്.
വര്‍ഷങ്ങളായി അര്‍ബുദത്തിന് ചികിത്സയിലാണ് മാണിക്കല്‍ ചിറത്തലയ്ക്കല്‍ സ്വദേശിയായ നഫീസത്ത് സല. ഇവരുടെ 7 സെന്‍റ് സ്ഥലവും വീടുമാണ് ഔട്ടര്‍ റിങ് റോഡിനായി ഏറ്റെടുത്ത് മൂന്ന് വര്‍ഷം മുമ്പ് വിജ്ഞാപനമിറങ്ങിയത്. ഉടന്‍ നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷയില്‍ മറ്റൊരു വീട് വാങ്ങാന്‍ അമ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി. നഷ്ടപരിഹാരം കിട്ടാതായതോടെ വീട് വാങ്ങല്‍ മുടങ്ങി. അഡ്വാന്‍സും പോയി. രോഗത്തിന്‍റെ അവശതകള്‍ക്കിടയിലും നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നഫീസ. റോഡിനായി വീട് നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ വാടക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതുപോലും നഫീസയ്ക്ക് ലഭിച്ചില്ല.
രണ്ട് പെണ്‍മക്കള്‍ക്കായി വീതം വയ്ക്കാനിരുന്നതാണ് ഈ വീടും സ്ഥലവും. അപ്പോഴാണ് റോഡിനായി ഏറ്റെടുത്തത്. നഷ്ടപരിഹാരം ലഭിച്ചാല്‍ അത് മക്കള്‍ നല്‍കണം. അതിനായി സര്‍ക്കാരിന്‍റെ കനിവ് കാത്തിരിക്കുകയാണ് നഫീസ.