കാടിറങ്ങുന്നവര്‍ക്ക് കരുതലൊരുക്കാന്‍ നാടിനോട് ചേര്‍ന്നൊരു ഇടമുണ്ടെങ്കില്‍ അതും കാടിന് സമാനമായിരിക്കും. സ്വാതന്ത്ര്യത്തിന് നേരിയ കുറവുണ്ടെങ്കിലും ബന്ധനമില്ലാതെ കാട്ടിലൂടെ നടക്കാം, നീരാടാം, വിശ്രമിക്കാം. അഞ്ച് വയസുകാരി ആരണ്യയും എണ്‍പത്തി നാലുകാരന്‍ സോമനും ഇവിടെ അന്തേവാസികളാണ്. തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം സഞ്ചാരികളെയും മോഹിപ്പിക്കും.
ആനക്കമ്പക്കാര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനുള്ള വക വേറെയുമുണ്ട്. വനത്തിന് നടുവിലൂടെ ഓളങ്ങളൊട്ടുമില്ലാത്ത ജലാശയത്തിലൂടെ സഞ്ചരിച്ച് ശുദ്ധവായു ശ്വസിച്ച് പ്രകൃതിഭംഗിയുടെ മാറ്ററിയാം. കുട്ടവഞ്ചി സവാരിയും, പെഡല്‍ ബോട്ടും, ചങ്ങാടവുമെല്ലാം യാത്ര ചെയ്യാന്‍ ഹരം നല്‍കും. അല്‍പം സാഹസിക അനുഭവങ്ങളും തീര്‍ക്കും.
അന്‍പത്തി ആറ് ഹെക്ടറിലായി വ്യാപിച്ചിട്ടുള്ള കാപ്പുകാട്ടെ വിശേഷങ്ങള്‍ ഇനിയുമേറേയുണ്ട്. വനമേഖലയിലെ ട്രക്കിങും, പ്രഭാതസവാരിയും ഉള്‍പ്പെടെ സഞ്ചാരികള്‍ക്ക് മതിവരുവോളം പ്രകൃതിയെ അറിയാന്‍ നടന്ന് മലമടക്കിലെത്തി മടങ്ങാം.