ഒന്നേ കാൽ കോടിയിലേറെ രൂപ ചെലവാക്കി നവീകരിച്ചെന്ന് തിരുവനന്തപുരം കോർപറേഷൻ അവകാശപ്പെട്ട ഗാന്ധിപാര്‍ക്കിന്‍റെ ഉദ്ഘാടനം മാറ്റി. നവീകരണത്തിന് ചെലവാക്കിയ തുക സംബന്ധിച്ച് ഇടതുമുന്നണിക്കുള്ളിൽ തന്നെ ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ഉദ്ഘാടനം മാറ്റിയതെന്നാണ് വിവരം. ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതിനാൽ പാർക്കിനുള്ളിൽ പന്തൽ കെട്ടുന്നതിനുള്ള അസൗകര്യം കണക്കിലെടുത്താണ് ചടങ്ങ് മാറ്റിയതെന്നാണ് കോർപറേഷന്‍റെ വിശദീകരണം.
ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് നവീകരിച്ച ഗാന്ധിപാര്‍ക്കിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മന്ത്രി മുഹമ്മദ് റിയാസായിരുന്നു ഉദ്ഘാടകന്‍. അതിഥികളെ ക്ഷണിച്ചു, വേദി തയാറാക്കി, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് അവസാന നിമിഷം ഉദ്ഘാടനം മാറ്റിയത്. സ്മാർട് സിറ്റി ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് കഴിഞ്ഞ വർഷം ജൂലൈയിലാണ് പാർക്കിന്‍റെ നവീകരണം ആരംഭിച്ചത്. ഇടയ്ക്ക് നിര്‍മാണം ഇഴയുന്നതായും പരാതി ഉയര്‍ന്നു. പണി പൂര്‍ത്തിയായപ്പോള്‍ ഒന്നേകാല്‍ കോടി മുടക്കിയെന്നാണ് കോര്‍പറേഷന്‍ അവകാശപ്പെട്ടത്.
എന്നാല്‍ കോടികള്‍ മുടക്കിയുളള പണിയൊന്നും കാണാനില്ലെന്നാണ് ഭരണ മുന്നണിക്കുളളില്‍ തന്നെ ആക്ഷേപമുയര്‍ന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും വിമര്‍ശനമുണ്ട്. പ്രതിഷേധവും വിവാദങ്ങളും ഉണ്ടാകാന്‍ സാധ്യത ഉളളതിനാലാണ് ചടങ്ങ് മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. അദാലത്ത് നടക്കുകയായിരുന്നതിനാല്‍ ഒരുക്കങ്ങള്‍ക്ക് സമയം ലഭിച്ചില്ല, കനത്ത മഴ തുടങ്ങിയവയൊക്കെയാണ് ഉദ്ഘാടനം മാറ്റാന്‍ കാരണമായി വിശദീകരിക്കുന്നത്.