TOPICS COVERED

ഗതാഗത കുരുക്ക് മുറുകി യാത്രാതടസം പതിവായ വെഞ്ഞാറമൂടില്‍ മേല്‍പ്പാലത്തിന്‍റെ നിര്‍മാണത്തിന് ആറ് മാസത്തെ കാത്തിരിപ്പിനൊടുവില്‍ തുടക്കം. 28 കോടി ചെലവ് പ്രതീക്ഷിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജനുവരിയില്‍ തറക്കല്ലിട്ടെങ്കിലും സാങ്കേതിക തടസം പറഞ്ഞ് സമയം നീണ്ടപ്പോള്‍ ചെലവ് 35 കോടിയോട് അടുത്തു. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അതിര്‍ത്തി കടക്കാന്‍ പാടുപെടുന്ന വെഞ്ഞാറമൂടില്‍ പാലം പ്രതീക്ഷ നല്‍കുന്നതെന്ന് വാഹനയാത്രികരും വ്യാപാരികളും. 

കുരുക്ക് ഇങ്ങനെ മുറുകിക്കൊണ്ടേയിരിക്കും. ഒരുമുഴം നീങ്ങാന്‍ ഒരുപാടുനേരം റോഡില്‍ തുടരണം. കാലങ്ങളായി അനുഭവിക്കുന്ന ഈ ഗതാഗതക്കുരുക്കിന് പരിഹാര വഴി തെളിയുകയാണ്. നിര്‍മാണോദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴാണ് ആദ്യ കല്ല് പാകുന്നതെന്ന് മാത്രം. 

മേല്‍പ്പാലം വന്നാലേ രക്ഷയുള്ളൂ എന്ന തിരിച്ചറിവ് നേരത്തെ പലരും പങ്കുവച്ചതാണ്. തടസങ്ങള്‍ നീങ്ങി പണികള്‍ക്ക് തുടക്കമാകുമ്പോള്‍ ഇനിയെങ്കിലും ആശ്വാസത്തോടെ നീങ്ങാനാവുമെന്ന് പ്രതീക്ഷ.  പണി തുടങ്ങുന്ന സാഹചര്യത്തില്‍ എം.സി റോഡില്‍ ഗതാഗത നിയന്ത്രണങ്ങളുണ്ടെന്ന് വാഹനയാത്രികര്‍ ഓര്‍ക്കണം.  നിര്‍മാണം നടക്കുന്ന വഴി കൃത്യമായി മനസിലാക്കി കാലേക്കൂട്ടി യാത്ര ചെയ്താല്‍ ലക്ഷ്യസ്ഥാനം പിടിക്കുക ശ്രമകരമാവില്ല.  27.95 കോടി ചെലവില്‍ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന മേല്‍പ്പാല നിര്‍മാണത്തിന് റിങ് റോഡ് നവീകരണം ഉള്‍പ്പെടെയുള്ള ഫണ്ട് കണക്കിലെടുക്കുമ്പോള്‍ മുപ്പത്തി അഞ്ച് കോടി കടക്കുമെന്നാണ് നിലവിലെ കണക്ക്. ഇത് അന്തിമമല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നതോടെ തുക ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. 

ENGLISH SUMMARY:

After a six-month delay due to technical issues, the construction of the long-awaited flyover at Venjaramoodu has finally begun. Initially announced in January by Minister P.A. Mohammed Riyas with an estimated cost of ₹28 crore, the project cost has now risen close to ₹35 crore. The flyover is expected to ease severe traffic congestion in the area, offering relief to commuters and ambulance services alike.