തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം ഡിവിഷന്‍ കൗണ്‍സിലര്‍ എല്‍.എസ്.കവിത സ്ഥാനമൊഴിയും. കോര്‍പ്പറേഷനിലെ സാനിട്ടേഷന്‍ വര്‍ക്കര്‍ നിയമനം സ്വീകരിക്കാന്‍ കവിത തീരുമാനിച്ചു. നിയമനപ്പട്ടികയില്‍ കൂടുതലും പാര്‍ട്ടിക്കാരാണെന്നിരിക്കെ കോടതി ഇടപെടല്‍ ഒഴിവാക്കാന്‍ നടപടികള്‍ വേഗത്തിലാക്കാനാണ് കോര്‍പ്പറേഷന്‍റെ നീക്കം. അതേസമയം, സമരം കടുപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു.
തിരു. കോര്‍പ്പറേഷന്‍റെ സാനിട്ടേഷന്‍ വര്‍ക്കര്‍ നിയമനം വിവാദമായിരിക്കെയും നിയമനം സ്വീകരിക്കാന്‍ തന്നെയാണ് കഴക്കൂട്ടം കൗണ്‍സിലര്‍ എല്‍.എസ്.കവിതയുടെ തീരുമാനം. തിരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം ശേഷിക്കെ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വരികയുമില്ല. കവിതയെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തില്‍ ആറാം റാങ്കുകാരിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്‍സിലര്‍ രാജിവയ്ക്കാതെ സ്വന്തം കോര്‍പ്പറേഷനിലെ നിയമനപ്രക്രിയയുടെ ഭാഗമായതിനെതിരെ ബിജെപി പ്രതിഷേധം കടുപ്പിക്കുമ്പോള്‍ ഭരണപക്ഷത്തിനുള്ളിലും അഭിപ്രായഭിന്നത പുകയുന്നുണ്ട്. ചട്ടലംഘനമില്ലെങ്കിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദം ഗുണം ചെയ്യില്ലെന്ന് അഭിപ്രായമാണ് ഒരുവിഭാഗം സിപിഎം കൗണ്‍സിലര്‍മാര്‍ക്ക്.
56 ഒഴിവുകളിലേക്കുള്ള നിയമനപ്പട്ടികയില്‍ ജോലി ഉറപ്പായിട്ടുളള ആദ്യ റാങ്കുകാര്‍ എല്ലാം പാര്‍ട്ടിയോട് അടുപ്പമുള്ളവരാണെന്നും പട്ടിക തെളിയിക്കുന്നു. മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസിലെ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെ സംവരണ വിഭാഗത്തില്‍ രണ്ടാം റാങ്കുകാരിയാക്കിയപ്പോള്‍ കോവളം ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഒരു ബ്രാഞ്ച് സെക്രട്ടറിയും വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി കീഴിലെ ചാരുംമൂട് ബ്രാഞ്ച് കമ്മിറ്റി അംഗവും പൂങ്കുളം കൗണ്‍സിലറുടെ ഉറ്റബന്ധുവും തൃക്കണ്ണാപ്പുരത്തെ സിപിഎം നേതാവിന്‍റെ ഭാര്യയുമൊക്കെ പട്ടികയില്‍ ഇടംപിടിച്ചു. കൗണ്‍സിലര്‍ കവിതയുടെ ഉള്‍പ്പെടെ എംപ്ളോയിമെന്റ് എക്സചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്ത തീയതി ഉള്‍പ്പെടെ രേഖകള്‍ ഇല്ലെന്നും ആക്ഷേപമുണ്ട്. സാനിട്ടേഷന്‍ തസ്തികയിലാണ് നിയമിക്കപ്പെടുന്നതെങ്കിലും ഇവരില്‍ പലരും സ്വാധീനം ഉപയോഗിച്ച് ഓഫീസ് ജോലികളിലാണ് ഏര്‍പ്പെടുക. മാത്രമല്ല, താല്‍ക്കാലിക നിയമനം താമസിയാതെ സ്ഥിരമാവുകയും ചെയ്യും. അങ്ങനെയൊരു പ്രതിഭാസം കൂടിയുണ്ട് ഈ നിയമനങ്ങള്‍ക്ക്.