തിരുവനന്തപുരത്ത് ഫ്ലാറ്റ് തട്ടിപ്പ് നടത്തിയ സാന്‍റോയല്‍ ബില്‍ഡേഴ്സിനെതിരെ പരാതിക്കാര്‍ നല്‍കിയ ക്രിമിനല്‍ കേസുകളില്‍ പൊലീസിന്‍റെ ഒളിച്ചുകളി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ദിവസങ്ങളായിട്ടും തുടര്‍ നടപടികളൊന്നും പൊലീസ് സ്വീകരിച്ചില്ല. കമ്പനിക്കെതിരെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് മുന്‍പാകെയുള്ളത് നാല്‍പതിലേറെ പരാതികളാണ്. കമ്പനി നടത്തുന്നത് വ്യാപക തട്ടിപ്പാണെന്ന് ഇതിലൂടെ വ്യക്തമായിട്ടും ഒത്തുതീര്‍പ്പിനാണ് പൊലീസിന്‍റെ ശ്രമം.
തിരുവനന്തപുരത്ത് മേനംകുളത്ത് സാന്‍റോയല്‍ നിര്‍മിക്കന്ന അഡോണിയ ഫ്ലാറ്റ് സമുച്ചയത്തില്‍ അപാര്‍ട്മെന്‍റ് വാഗ്ദാനം ചെയ്ത് ടെക്നോപാര്‍ക്കിലെ ഐ.ടി പ്രഫഷണല്‍ ദിവ്യ ബാലുവില്‍ നിന്ന് 19.98 ലക്ഷം രൂപയും ചന്തവിള സ്വദേശി അരവിന്ദില്‍ നിന്ന് അഞ്ച് ലക്ഷവും തട്ടിയെടുത്തതിലാണ് രണ്ട് കേസുകള്‍ കഴക്കൂട്ടം പൊലീസ് റജിസ്റ്റര്‍ ചെയ്തത്. സാന്‍റോയല്‍ എം.ഡി സഞ്ജു ദാസ്, ബിസിനസ് പങ്കാളി അലക്ശാണ്ടര്‍ വടക്കേടത്ത് എന്നിവരെ പ്രതികളാക്കി വഞ്ചന കുറ്റത്തിനാണ് കേസ്.
പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞാണ് എഫ്.ഐ.ആര്‍ പോലും പൊലീസ് റജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളായിട്ടും എഫ്.ഐ.ആര്‍ ഇട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. ഇതിനിടയില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചതായാണ് വിവരം. നടപടികള്‍ മെല്ലെയാക്കി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് വഴിയൊരുക്കുകയാണ് പൊലീസെന്നാണ് ആക്ഷേപം. ഇതിനിടെ പരാതിക്കാരെ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പിനും പൊലീസ് ശ്രമിച്ചു.
സാന്‍റോയല്‍ ബില്‍ഡേഴ്സിനെതിരെ റിയലെസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് മുന്‍പാകെയുള്ളത് 37 പരാതികളാണ്. പരാതിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള റെറയുടെ ഉത്തരവ് നടപ്പാക്കത്തിന്‍റെ പേരില്‍ ആറ് പരാതികള്‍ വേറെയും. ഇത്രയും പരാതികള്‍ റെറക്ക് മുന്‍പില്‍ എത്തണമെങ്കില്‍ കമ്പനിയുടെ തട്ടിപ്പ് വ്യാപകമാണെന്ന് വ്യക്തം. ഈ വിവരങ്ങളെല്ലാം കഴക്കൂട്ടം പൊലീസിന് പരാതിക്കാര്‍ നല്‍കിയിട്ടുണ്ട്. അപ്പോഴാണ് പൊലീസിന്‍റെ ഈ മെല്ലേപ്പോക്ക്.