മഹാകുംഭാഭിഷേകത്തിനൊരുങ്ങി ശ്രീപത്മനാഭസ്വാമി ക്ഷേത്രം. സ്തൂപിക പ്രതിഷ്ഠ ഉള്‍പ്പടെ പ്രധാന ചടങ്ങ് ഈ മാസം എട്ടിനാണ്. വിശ്വക്സേന പ്രതിഷ്ഠയും തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തില്‍ അഷ്ടബന്ധവും ഇതോടൊപ്പം പൂര്‍ത്തിയാക്കും  

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകത്തിന് മുന്നോടിയായി മണ്ണുനീര്‍ക്കോരല്‍ച്ചടങ്ങുകള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി. പടിഞ്ഞാറെ നടയ്ക്ക് സമീപമുള്ള മിത്രാനന്ദപുരം കുളത്തിലാണ് മണ്ണൂനീര്‍ക്കോരല്‍ ചടങ്ങ്. ഞായറാഴ്ച  രാവിലെ 7.40 നും 8.40 നും മധ്യേയാണ് കുംഭാഭിഷേകം . ശ്രീകോവിലിനു മുകളിൽ താഴികക്കുടങ്ങളുടെ സമർപ്പണം, വിശ്വക്സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധകലശം എന്നിവയാണ് ഒരുമിച്ചു നടത്തുന്നത്.ഏഴു വർഷം മുമ്പാണ് താഴികക്കുടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. മുന്നൂറ് വര്‍ഷം പഴക്കമുള്ള നിലവിലെ വിശ്വക്സേന വിഗ്രഹത്തിന് 2013ലാണ് കേടുപാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി വിഗ്രഹം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി.

മഹാവിഷ്ണുവിന്റെ അംശമാണ് വിശ്വക്സേനൻ എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന് സമർപ്പിക്കുന്ന എല്ലാ വസ്തുക്കളും വിശ്വക്സേനനെ കാണിച്ചുമാത്രമേ നേദിക്കാന്‍ പാടുള്ളൂ എന്നും വിശ്വാസമുണ്ട്. ഒറ്റയ്ക്കൽ മണ്ഡപത്തിനു താഴെശ്രീപത്മനാഭസ്വാമിയുടെ പാദഭാഗത്താണ് വിശ്വക്സേന വിഗ്രഹം.അങ്ങനെ ചരിത്രവും വിശ്വാസവും ഐതിഹ്യങ്ങളും കെട്ടുപിണ‍ഞ്ഞുകിടക്കുന്ന ശ്രീപത്മനാഭസ്വാമിക്ഷേത്രം മറ്റൊരുഅപൂര്‍വചടങ്ങിനുകൂടി സാക്ഷ്യംവഹിക്കാന്‍ പോകുന്നു

ENGLISH SUMMARY:

Preparations are underway at the Sree Padmanabhaswamy Temple for the Mahakumbhabhishekam ceremony. The main rituals, including the installation of the Stoopika, are scheduled for June 8. Alongside, the Vishwaksena installation and Ashtabandha rituals at Thiruvambadi Sreekrishna Temple will also be completed.