നിര്‍ത്താതെ പെയ്ത മഴയില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായത് ഇരുന്നൂറ്റി ഇരുപത് കോടിയിലേറെ നഷ്ടം. ആലപ്പുഴയും, പാലക്കാടും നെല്‍കര്‍ഷകരെ കണ്ണീരിലാഴ്ത്തിയ ജില്ലകളാണ്. നഷ്ടത്തിന്‍റെ വ്യാപ്തി ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകര്‍ക്കുള്ള സഹായം വിതരണം ചെയ്യുമെന്നും മന്ത്രി പി.പ്രസാദ് മനോരമ ന്യൂസിനോട് പറഞ്ഞു.
നെല്‍കര്‍ഷകരുടെ കണ്ണീരിനൊപ്പം നഷ്ടത്തിന്‍റെ വ്യാപ്തി ഉയര്‍ന്നത് ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ്. രണ്ടിടങ്ങളിലുമായി എണ്‍പത് കോടിയിലേറെ നെല്‍കൃഷിയാണ് മഴയെടുത്തത്. പകുതിയിലേറെ മൂപ്പെത്തിയ പച്ചക്കറി വിളകള്‍ മണ്ണിലാഴ്ന്നതിലേറെയും തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലാണ്. കടമെടുത്ത് കൃഷിയിറക്കിയ കര്‍ഷകരുടെ നഷ്ടം രേഖപ്പെടുത്തിയ കള്ളികളുടെ എണ്ണം കൂട്ടി വാഴയും, മരച്ചീനിയും, പയറും, പടവലവുമെല്ലാം ഉപയോഗശൂന്യമായി. പ്രാഥമിക പരിശോധനയിലൂടെ രേഖപ്പെടുത്തിയ നഷ്ടത്തിനപ്പുറം കണക്കുകള്‍ ഉയരാനുള്ള സാധ്യതയുണ്ടെന്ന് കൃഷിമന്ത്രി.
നഷ്ടപരിഹാരം വേഗത്തില്‍ നല്‍കുമെന്ന് മന്ത്രി പറയുമ്പോഴും പല ജില്ലകളിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സഹായം കിട്ടാത്ത കര്‍ഷകരുണ്ടെന്നാണ് പരാതി. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് നഷ്ടപരിഹാര വിതരണത്തിലെ തടസം. മഴ കനക്കുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് നിലനില്‍ക്കെ കരുതിവച്ചതെല്ലാം കൈമോശം വരുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.