അടുത്തയാഴ്ച സ്കൂളുകള്‍ തുറക്കാനിരിക്കെ തിരുവനന്തപുരത്തെ പല സ്കൂളുകളും സുരക്ഷിതമല്ല. ചാല ഹയര്‍ സെക്കണ്ടറി സ്കൂളിലെ അപകടാവസ്ഥയിലുള്ള രണ്ട് കെട്ടിടങ്ങളാണ് പൊളിക്കാതെ വച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നു. നിര്‍മാണ സാമഗ്രികള്‍ കൊണ്ട് നിറഞ്ഞ് കുട്ടികള്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത രീതിയിലാണ് സ്കൂള്‍ മുറ്റം. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഓട നിര്‍മാണമാണ് ചാല ഗവ.യു.പി സ്കൂളിലെ കുട്ടികള്‍ക്ക് ഭീഷണി.
ഇവിടെ നിന്ന് കുറച്ചപ്പുറത്ത് ആര്യശാല അങ്കാളമ്മന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ.യു.പി സ്കൂളിലേക്ക് കുട്ടികള്‍ നടന്ന് പോകേണ്ടത് ഇതുവഴിയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ഓട നിര്‍മാണത്തിനായി റോഡിനിരുവശവും കുഴി എടുത്തിരിക്കുന്നു. കാലൊന്ന് തെറ്റിയാല്‍ വീഴുക രണ്ട് മീറ്റര്‍ നീളമുള്ള കുഴിയിലേക്ക്. സ്കുളിലേക്ക് കയറേണ്ടതും ഇറങ്ങേണ്ടതും ഈ തകര ഷീറ്റ് കടന്ന്. ഓവ് നിര്‍മാണത്തിനുളള കമ്പിയും സിമന്‍റുമൊക്കെ സൂക്ഷിച്ചിരിക്കുനനത് സ്കൂള്‍ വളപ്പിലും വരാന്തയിലുമാണ്.