ഒരു നാടിന്‍റെ സമ്മര്‍ദഫലമായി യു.പി ക്ലാസുകള്‍ അനുവദിച്ച സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല. രക്ഷിതാക്കള്‍ പണം സ്വരൂപിച്ച് ഒരു അധ്യാപികയെ നിയോഗിക്കേണ്ട ഗതികേടിലാണ് ഈ സ്കൂള്‍. വയനാട് പൂതാടി വാളവയല്‍ ഗവ. സ്കൂളിലാണ് വിദ്യാഭ്യാസമന്ത്രി അടിയന്തരമായി ഇടപെടേണ്ട ഈ സ്ഥിതിയുള്ളത്.
എല്‍പിയും ഹൈസ്കൂളും ഉണ്ടായിട്ടും യുപി ക്ലാസുകള്‍ ഇല്ലാത്ത വാളവയല്‍ സ്കൂളിന്‍റെ ദുരവസ്ഥ മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. നാലാം ക്ലാസുകാരി ഋതികയുടെ പരാതി കേട്ട വിദ്യാഭ്യാസമന്ത്രി ഒന്നര വര്‍ഷം മുന്‍പ് ഇവിടെ യുപി ക്ലാസുകള്‍ അനുവദിച്ചു. പക്ഷേ നടപടി അവിടെ മാത്രം ഒതുങ്ങി. അധ്യാപകരെ നിയോഗിച്ചില്ല. അഞ്ച്, ആറ് ക്ലാസുകളിലെ മൂന്ന് ഡിവിഷനുകളിലേക്ക് ആകെയുള്ളത് താത്കാലികമായി ലഭിക്കുന്ന ഒരു എസ്എസ്കെ അധ്യാപികയുടെ സേവനം മാത്രം. അങ്ങനെ അധ്യാപകരും രക്ഷിതാക്കളും എല്ലാം പിരിവെടുത്ത് ഒരു അധ്യാപികയെ നിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍.
ആവശ്യത്തിന് കുട്ടികളുള്ള ഒരു സ്കൂളിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ വിചിത്രമായ നടപടി എന്നോര്‍ക്കണം. സാമ്പത്തിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്കൂളില്‍ പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാതെ ധനവകുപ്പ് ഫയല്‍ മരവിപ്പിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ പുറത്ത് നിയമനത്തിനായി കാത്ത് നില്‍ക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും പ്രതിച്ഛായയും തകര്‍ക്കുന്ന നീക്കങ്ങള്‍ക്കേ ഇത്തരം പിടിവാശികള്‍ ഉപകരിക്കൂ എന്നാണ് പെതുവെ ഉയരുന്ന വികാരം.