ചക്ക തിന്നാന്‍ നാട്ടിലിറങ്ങിയ ആന സെപ്ടിക് ടാങ്ക് കുഴിയില്‍ വീണു. രണ്ട് മണിക്കൂറോളം അവിടെ കിടന്ന ശേഷം സ്വയം മണ്ണിടിച്ച് കുഴി മാറ്റി ആന തന്നെ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. തിരുവനന്തപുരം പാലോടിന് അടുത്ത് വനയോര പ്രദേശമായ ചിപ്പന്‍പാറ എന്ന സ്ഥലത്താണ് ആനയുടെ വീഴ്ചയും രക്ഷപെടലും.
ഇന്നലെ അര്‍ധരാത്രി വലിയ ശബ്ദം കേട്ട് കണ്ണന്‍കോട് സ്വദേശി ചന്ദ്രനും വീട്ടുകാരും ഉണര്‍ന്ന് നോക്കുമ്പോഴാണ് പുരയിടത്തില്‍ സെപ്ടിക് ടാങ്കിനായെടുത്ത് ഉപേക്ഷിച്ചിട്ടിരുന്ന കുഴിയില്‍ ആനയെ കാണുന്നത്. ചന്ദ്രന്‍റെ പറമ്പില്‍ ധാരാളം ചക്കയുണ്ട്. അത് കഴിക്കാന്‍ വനത്തില്‍ നിന്നിറങ്ങിയതായിരുന്നു ആന. ചക്ക ലക്ഷ്യമിട്ട് വരുന്നതിനിടെ കുഴി കണ്ടില്ല.
വീണതിന്‍റെ ക്ഷീണത്തില്‍ രണ്ട് മണിക്കൂറോളം അവിടെ കിടന്നു. അതിനിടെ വനംവകുപ്പും പൊലീസും ഫയര്‍ഫോഴ്സുമൊക്കെയെത്തി. പതിവ് പോലെ മണ്ണുമാന്തി യന്ത്രമൊക്കെ കൊണ്ടുവന്ന മണ്ണിടിച്ച് കുഴി നികത്തുന്ന കാര്യമൊക്കെ അവര്‍ ചിന്തിക്കുന്നതിനിടെ ഉണര്‍ന്ന ആന സ്വയം മണ്ണിടിച്ച് വഴിയുണ്ടാക്കി കരയ്ക്ക് കയറി.