ശക്തമായ തിരയിൽപ്പെട്ട് വർക്കല പാപനാശം തീരത്തെ ഫ്ളോറ്റിങ് ബ്രിഡ്ജ് വീണ്ടും തകർന്നു. കഴിഞ്ഞവർഷം അപകടമുണ്ടായ സ്ഥലത്ത് പഠനത്തിനായി സ്ഥാപിച്ച ബ്രിഡ്ജാണ് തകർന്നത്.
വർക്കലയിൽ ഒരിക്കൽ ഫ്ളോപ്പായ ഫ്ളോറ്റിങ് ബ്രിഡ്ജ് ഇത്തവണ തകർന്നപ്പോൾ ആളപമുണ്ടായില്ലെന്നത് മാത്രമാണ് ആശ്വാസം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനാവശ്യത്തിന് വേണ്ടി കഴിഞ്ഞദിവസം കടലിലേക്ക് സ്ഥാപിച്ച ഫ്ളോറ്റിങ് ബ്രിഡ്ജാണ് രാവിലെ ശക്തമായ തിരയിൽപ്പെട്ട് മൂന്നായി തകർന്നത്. 2023ലെ ക്രിസ്മസ് ദിനത്തിൽ സ്ഥാപിച്ച ബ്രിഡജ് മൂന്നുമാസത്തിന് ശേഷം കഴിഞ്ഞവർഷം മാർച്ച് 9ന് വലിയ അപകടത്തിൽപ്പെട്ടു. ബ്രിഡ്ജിന്റെ കൈവരി തകർന്ന് കടലിലേക്ക് തെറിച്ചുവീണ കുട്ടികൾ ഉൾപ്പെടെ 15 പേരെ ലൈഫ് ഗാർഡുകളുടെ സമയോചിതമായ ഇടപെടലിലാണ് രക്ഷിച്ച് കരയ്ക്കെത്തിച്ചത്. രണ്ടുപേർ ദിവസങ്ങളോളം ആശുപത്രിയിൽ ഗുരുതരാവസ്ഥയിലും കഴിഞ്ഞു. ജില്ലാ ടൂറിസം പ്രെമോഷൺ കൌൺസിലും അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും സംയുക്തമായി സ്വകാര്യ സംരംഭകർ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. അന്ന് തമിഴ്നാട് തിരുച്ചിറപ്പള്ളി ആസ്ഥാനമായ സ്വകാര്യ കമ്പനിക്കായിരുന്നു കരാർ. വൻ ലാഭം കൊയ്ത പദ്ധതിയായതിനാലാണ് വീണ്ടും പഠനം നടത്തി അതിവേഗം ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നീക്കം നടന്നത്. മുൻപ് അപകടത്തിന് കാരണമായ അതേ സ്ഥലത്ത് മതിയായ പരിഹാരം കാണാതെ പദ്ധതി നടപ്പാക്കുന്നതിനെതിരെ എതിർപ്പു ഉയരുമ്പോഴാണ് ബ്രിഡജ് വീണ്ടും തകരുന്നതും പണി പാളിയതും.