തിരുവനന്തപുരം കഴക്കൂട്ടം സബ് ട്രഷറിയില്‍ അക്കൗണ്ട് ഉടമ അറിയാതെ പണം തട്ടിയെടുത്തതിന്റെ വ്യാപ്തിയേറുന്നു. മരിച്ചവരുടെ അക്കൗണ്ടില്‍ നിന്ന് വരെ വ്യാജ ചെക്ക് തയാറാക്കി ലക്ഷങ്ങള്‍ അടിച്ചുമാറ്റി. ട്രഷറി വകുപ്പിന്റെ ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തിയത് മൂന്ന് മാസത്തിനിടെ പന്ത്രണ്ട് ലക്ഷത്തോളം രൂപയുടെ തിരിമറി. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
മൂന്നര പതിറ്റാണ്ടത്തെ അധ്വാനത്തിന്റെ ഫലമായിരുന്നു തിരുമല സ്വദേശി മോഹനകുമാരി കഴക്കൂട്ടം സബ് ട്രഷറിയില്‍ നിക്ഷേപിച്ചത്. അതിലെ രണ്ടരലക്ഷം രൂപയാണ് വിദഗ്ധമായി അടിച്ചുമാറ്റിയത്.
മോഹനകുമാരിക്കുണ്ടായത് ഒറ്റപ്പെട്ട അനുഭവമെന്ന് കരുതിയാണ് ട്രഷറി ജോയിന്റ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണം തുടങ്ങിയത്. മാര്‍ച്ച് മുതലുള്ള ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ തന്നെ കണ്ടത് വന്‍തട്ടിപ്പിന്റെ തുടക്കം. മരിച്ചുപോയ കെ.ഗോപിനാഥന്‍ നായര്‍ , ആര്‍.സുകുമാരന്‍ എന്നിവരുടെ അക്കൗണ്ടില്‍ നിന്നും സമാനരീതിയില്‍ പണം അടിച്ചുമാറ്റിയിട്ടുണ്ട്. ഗോപിനാഥന്‍ നായര്‍ക്ക് 6 ലക്ഷത്തി എഴുപതിനായിരം രൂപയും സുകുമാരന് രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപയുമാണ് നഷ്ടമായത്.
ഇവര്‍ അറിയാതെ ഇവരുടെ പേരില്‍ വ്യാജ ചെക്ക് ബുക്ക് തയാറാക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. അതിന് ശേഷം ആ ചെക്കില്‍ വ്യാജ ഒപ്പിട്ട് പണം പിന്‍വലിക്കും. അതുകൊണ്ട് ഒന്നിലേറെ ജീവനക്കാര്‍ അറിയാതെ തട്ടിപ്പ് നടക്കില്ലെന്ന് ഉറപ്പ്. മൂന്ന് പേരുടെ അക്കൗണ്ടില്‍ നിന്ന് മാത്രം പന്ത്രണ്ട് ലക്ഷത്തി പതിനായിരം രൂപ തട്ടിയെടുത്തെന്ന് വ്യക്തമായതോടെ പരിശോധന വ്യാപകമാക്കുകയാണ്.