manaveeyam-veedhi-dog

ഒരു തെരുവുനായയെ കാണാതായാല്‍ ആരെങ്കിലും അന്വേഷിച്ച് നടക്കുമോ? ഇല്ലായെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാണാതായ തെരുവുനായയെ കണ്ടെത്താന്‍ പതിനായിരം രൂപയുടെ സമ്മാനം മുതല്‍ മുഖ്യമന്ത്രിക്ക് പരാതി വരെ നല്‍കി തിരയുകയാണ്,  തിരുവനന്തപുരം മാനവീയംവീഥിയിലെ സൗഹൃദക്കൂട്ടം. അതിന്റെ കാരണമെന്താണെന്ന് അറിയാം.. 

 

മാനവീയം റാണി..ഇവളെയാണ് കാണാതായത്. അവള്‍ വെറുമൊരു തെരുവുപട്ടിയായിരുന്നില്ല. തലസ്ഥാനത്തെ സൗഹൃദങ്ങളുടെ ഇടനാഴിയായ മാനവീയംവീഥിയുടെ റാണിയായിരുന്നു. വളരെ പെട്ടെന്ന് അവള്‍ എല്ലാവരുടെയും പ്രീയങ്കരിയും മാനവീയംവീഥിയുടെ കാവലാളുമായി. അങ്ങിനെയിരിക്കെ ഏപ്രില്‍ പത്ത് ഇരുട്ടി വെളുത്തതോടെ അവള്‍ അപ്രത്യക്ഷമായി. അന്ന് മുതല്‍ അവര്‍ തിരഞ്ഞിറങ്ങി. തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ പ്രധാന തെരുവളിലെല്ലാം അന്വേഷിച്ചു. 

സമൂഹമാധ്യമങ്ങളിലും പ്രചാരണം, കണ്ടെത്തുന്നവര്‍ക്ക് പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ചു. പൊലീസ് അന്വേഷിക്കാത്തതില്‍ പ്രതിഷേധസന്ധ്യയൊരുക്കി. ഒടുവില്‍ മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കി. മുഖ്യമന്ത്രി കൈവിട്ടാലും അന്വേഷണം അവസാനിപ്പിക്കില്ല. പത്ത് വര്‍ഷമായി കൂടെയുണ്ടായിരുന്ന ഒരാള്‍, അത് തെരുവുനായയാലും എവിടെപോയെന്ന് അറിയണം. അതിനാണ് ഈ മനുഷ്യരുടെ കാത്തിരിപ്പ്.