parvathy-puthanar

TOPICS COVERED

പനത്തുറ മുതല്‍ വേളിവരെ പാര്‍വതീപുത്തനാറിന്റെ ഒഴുക്ക് സുഗമമാക്കിയാല്‍ ആ നിമിഷം തീരുന്നതേയുള്ളൂ തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്. വലിയമഴപെയ്താലും മണിക്കൂറുകള്‍ക്കകം വെള്ളംഒഴുക്കിക്കളയാനുള്ള സ്വാഭാവിക മാര്‍ഗമാണ് ജനങ്ങളെ ഭരിക്കുന്നവര്‍ കാണാതെപോകുന്നത്. മനോരമ ന്യൂസ് പരമ്പര തുടരുന്നു ഗതിമുട്ടി പാര്‍വതീ പുത്തനാര്‍.

ഇരുദിശകളിലേക്കുമൊഴുകുന്ന അപൂര്‍വം തോടുകളിലൊന്നാണ് പാര്‍വതീപുത്തനാര്‍. ഒരുകാലത്ത് തിരുവനന്തപുരം നഗരത്തെ രാജ്യത്തെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് പേര്  നല്‍കിയതിന് പ്രധാനകാരണവും ഈ മനുഷ്യനിര്‍മിത ആറ് തന്നെ. പാര്‍വതീപുത്തനാര്‍,,,,കരമനയാര്‍കിള്ളിയാര്‍ എന്നിവയോടൊപ്പം ചേര്‍ന്ന്  പനത്തുറയിലും വേളിക്കായലിനോട് ചേര്‍ന്ന് വേളയിലും കടലില്‍ പതിക്കുന്നു.

 

പായലും പോളയും തിങ്ങിനിറഞ്ഞ ഇടങ്ങള്‍ കൂടി കാണാം.  വള്ളക്കടവ് കഴി‍ഞ്ഞ് ചാക്ക ഭാഗം. കെട്ടുവഞ്ചികളും ചെറുതോണികളും നിര്‍ബാധം പൊയ്ക്കൊണ്ടിരുന്ന ജലപാത. ഇപ്പോള്‍ പായലും പോളയും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുന്നു. കരിയ്ക്കകം കഴിഞ്ഞ് വേളികായലിന് സമീപം ആറ്റിലെ പോള കടലിലേക്ക് ഒഴുക്കിവിട്ടിട്ടുണ്ട്.

വേളി പൊഴിയില്‍ പോളയും മറ്റ് മാലിന്യവും തീരത്തേയ്ക്ക് തള്ളുകയാണ് കടല്‍. ഇപ്പോള്‍ വേലിയേറ്റം . വേലിയിറക്കമാകുമ്പോള്‍ ഈമാലിന്യത്തില്‍ നല്ലൊരുപങ്ക് കടലെടുക്കും. എന്നാലും നഗരമാലിന്യത്തിന്റെ ദുരിതം പനത്തുറക്കാരെപ്പോലെ വേളിയിലുള്ളവരും അനുഭവിക്കേണ്ടിവരുന്നു.

ചാക്കമുതല്‍ വേളിവരെ കുറച്ചെങ്കിലും ഒഴുക്കുള്ളതുകൊണ്ട് നഗരത്തിലെ മഴവെള്ളം നിറഞ്ഞാല്‍ ഉടന്‍പൊഴിമുറിക്കും. തല്‍ക്കാലം എഞ്ചിനീയര്‍മാരുടെ മുന്നില്‍ ആ ഒരുപോംവഴിയേയുള്ളൂ

നഗരത്തിലെ മഴവെള്ളം ഒഴുക്കിക്കളയാന്‍ പുതിയ മാര്‍ഗമാന്നും നിര്‍മിക്കേണ്ടതില്ല. പഴയതലമുറ പണ്ടുപണ്ടേ നിര്‍മിച്ച ഈ ആറ് ശരിയായി ഉപയോഗിച്ചാല്‍ മാത്രം മതി.പനത്തുറമുതല്‍ വേളി വരെയുള്ള പതിനഞ്ചുകിലോമീറ്റര്‍ ദൂരമെങ്കിലും പാര്‍വതീപുത്തനാറിലെ തടസങ്ങള്‍ ഒഴിവാക്കണം.പുത്തനാറില്‍ വന്നുചേരുന്ന ഇരുപത്തിരണ്ട് ഉപകനാലുകളിലെ തടസങ്ങളും നീക്കണം. ശുചിമുറി മാലിന്യങ്ങള്‍ കനാലുകളിലേക്ക് തുറന്നുവിടുന്നത് കര്‍ശനമായി നിരോധക്കണം. ഈ കനാലുകളില്‍ മാലിന്യ വലിച്ചെറിയുന്നത് കര്‍ശനമായി തടയുകകൂടി ചെയ്തില്ലെങ്കില്‍ ഒരുപ്രയോജനവുമില്ല.