മാലിന്യസംസ്കരണത്തിന് പലകാലങ്ങളില്‍ പലപേരുകളില്‍ കുറെ പദ്ധതികളുണ്ടെങ്കിലും തിരുവനന്തപുരം നഗരത്തിന്‍റെ മാലിന്യത്തിന്റെ നല്ലൊരുപങ്കും പേറുന്നത് പാര്‍വതീപുത്തനാര്‍. പ്ലാസ്റ്റിക്കും തെര്‍മോകോളും എന്നുവേണ്ട ശുചിമുറി മാലിന്യംവരെ വഹിക്കേണ്ട ഗതികേടിലാണ് ഈ ആറ്. ഇതിന് മാറ്റംവരാതെ ,നഗരത്തിലെ വെള്ളക്കെട്ട് എത്രശ്രമിച്ചാലും ഒഴിവാകില്ല. പരമ്പര തുടരുന്നു ഗതിമുട്ടി പാര്‍വതീപുത്തനാര്‍.
വൃത്തിയായിഒഴുകുന്ന ജലാശയത്തിലേക്ക് മാലിന്യംവലിച്ചെറിയാന്‍ സാമൂഹിക വിരുദ്ധരല്ലാത്തവര്‍ ഒന്നുമടിക്കും. മാലിന്യംപതിവായി കൊണ്ടിടുന്നഇടങ്ങളില്‍ വീണ്ടും അവവലിച്ചെറിയുന്നവര്‍ക്ക് കുറ്റബോധം പോലും തോന്നില്ല. വര്‍ഷങ്ങളായി സകലമാലിന്യവും നിറഞ്ഞ് ആര്‍ക്കുംവേണ്ടതായ അഴുക്കുചാലാണെങ്കിലോ. പിന്നെ വേണ്ടാത്തതെല്ലാം അതില്‍ത്തന്നെ. പാര്‍വതീപുത്തനാര്‍ ദുരവസ്ഥയ്ക്ക് കാരണം ഇതാണ്. ഇപ്പോള്‍ ശുചിമുറിമാലിന്യക്കുഴല്‍വരെ പുത്തനാറിലേക്കാണ് തുറന്നിരിക്കുന്നത്. തിരുവല്ലത്തിന് സമീപം ഇടയാര്‍ പാലത്തില്‍ നിന്ന് നോക്കിയാല്‍ കിള്ളിയാറുമൊന്നിച്ച് ഒഴുകിയെത്തുന്ന കരമയാറില്‍ പാര്‍വതീപുത്തനാര്‍ സംഗമിക്കുന്നത് കാണാം. പാര്‍വതീപുത്തനാര്‍ വരുന്നവഴി ഇതാണ്. എല്ലാവരുമുപേക്ഷിച്ച , പാര്‍വതീപുത്തനാര്‍ ബലിക്കടവിന് സമീപം അന്ത്യശ്വാസം വലിക്കുന്നത് കാണാം.അധികകാലമൊന്നുമായില്ല ഈ ഗതികേട് തുടങ്ങിയിട്ട്.
പാര്‍വതീപുത്തനാറിന്റെ ഇരുകരകളിലെ കയ്യേറ്റവും നികത്തലും തടയാന്‍ സര്‍ക്കാരോ നഗരസഭയോ കാര്യമായി ശ്രമിക്കാത്ത് പ്രശ്ങ്ങള്‍ സങ്കീര്‍ണമാക്കി. സൂചികൊണ്ടെടുക്കേണ്ടത് തൂമ്പാകൊണ്ടുപോലും എടുക്കാന്‍ കഴിയാത്ത നിലയിലായി.പാര്‍തീപുത്തനാറിന്റെ വീണ്ടെടുപ്പിന് ഇനിയും സമയമുണ്ട്. വേണമെങ്കില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാം. അല്ലെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കാം. ഒരോമഴക്കാലത്തും തലസ്ഥാനത്തുണ്ടാകുന്ന വെള്ളപ്പൊക്കം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കാം.
ചെറിയൊരുസാധ്യത മുന്നിലുണ്ട്. ദേശീയജലപാത വിശദപദ്ധതിരേഖ അക്ഷരംപ്രതി അനുസരിച്ച് നടപ്പായാല്‍ ഗതാഗതമാര്‍ഗം മാത്രമല്ല, നഗരത്തിലെ മഴവെള്ളം ഒഴുകിപ്പോകാനുള്ള വഴിയും തെളിയും.