കരിമ്പുലി കൂട്ടില്‍ വീണ പത്തനംതിട്ട കോന്നി കുളത്തുമണ്ണില്‍ നാട്ടുകാര്‍ വീണ്ടും ഭീതിയില്‍.  കഴിഞ്ഞ ദിവസം രണ്ട് വളര്‍ത്തു നായ്ക്കളെയാണ് പുലി പിടികൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മൂന്നിടത്ത് കാമറ സ്ഥാപിച്ചു. കഴിഞ്ഞ മാസം ഒന്‍പതിനാണ് മാസങ്ങളായി നാടിനെ വിറപ്പിച്ച കരിമ്പുലി കൂട്ടില്‍ വീണത്. കരിമ്പുലി വീണതോടെ നേരിയ ആശ്വാസം ഉണ്ടെങ്കിലും ഇനിയും പുലികള്‍ ഉണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. 

മൂന്നു വര്‍ഷത്തിനിടെ വനംവകുപ്പിന്‍റെ കൂട്ടില്‍ വീഴുന്ന നാലാമത്തെ പുലിയാണ് കരിമ്പുലി. കരിമ്പുലിയെ കലഞ്ഞൂരില്‍ ആദ്യമായി കാണുമ്പോള്‍ ഒരു പുള്ളിപ്പുലിയും ഒപ്പം ഉണ്ടായിരുന്നു. ആ പുള്ളിപ്പുലിയാണ് നായകളെ പിടികൂടിയത് എന്നാണ് സംശയം. കാമറയില്‍ ദൃശ്യങ്ങള്‍ പതിയുന്ന മുറയ്ക്ക് വീണ്ടും കൂടുകള്‍ സ്ഥാപിക്കും. നാട്ടുകാരായ ശോഭന ആനന്ദ വല്ലി എന്നിവരുടെ വളര്‍ത്തുനായ്ക്കളെയാണ് പുലി പിടികൂടിയത്.

നേരത്തേ കോഴികളെ പിടികൂടാന്‍ വന്ന മൂന്നു പുലികളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പ്രദേശത്തെ കാട് പിടിച്ചു കിടക്കുന്ന പറമ്പുകളും പാറമടകളുമാണ് പുലികളുടെ ഒളിയിടങ്ങള്‍. കലഞ്ഞൂര്‍ പൂമരുതിക്കുഴിയില്‍ ഒരു വീട്ടിലേക്ക് പുലി ഓടിക്കയറിയ സംഭവങ്ങളും ഉണ്ട്. സന്ധ്യകഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാന്‍ നാട്ടുകാര്‍ക്ക ഭയമാണ്. പകല്‍ സമയത്ത് പോലും പുലി ഇറങ്ങുന്ന സ്ഥലമായി കുളത്തുമണ്‍, കലഞ്ഞൂര്‍, കൂടല്‍ മേഖലകള്‍ മാറിക്കഴിഞ്ഞു.എത്രയും പെട്ടെന്ന് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Forest Department Installs Cameras Following New Leopard Threat in Kulathumannu: