പത്തനംതിട്ട കോന്നി ആനകുത്തിയിലെ പാറമടയുടെ പ്രവർത്തനം പുനരാരംഭിച്ചതോടെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ജനവാസ മേഖലയോട് ചേർന്നാണ് വ്യവസായി മല്ലേലി ശ്രീധരൻ നായരുടെ ഉടമസ്ഥതയിലുള്ള ക്വാറി പ്രവർത്തിക്കുന്നത്. സ്റ്റോപ്പ് മെമോ നൽകിയ പാറമടയ്ക്ക് വീണ്ടും അനുമതി നൽകിയതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ചു കോൺഗ്രസ് ഭരണ സമിതിക്ക് എതിരെ കോൺഗ്രസ് അംഗങ്ങൾ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. 

കോന്നി ആനകുത്തിയിലെ പാറമട പ്രവർത്തനം ആരംഭിച്ചത് മുതൽ ഭീതിയിലാണ് പ്രദേശവാസികൾ. മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന പാതയോട് ചേർന്ന് ജനവാസ മേഖലയിലാണ് പാറമട പ്രവർത്തിക്കുന്നത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് ഒരിക്കൽ പ്രവർത്തനം നിർത്തി വച്ച ക്വാറിക്ക് അടുത്തിടെയാണ് പഞ്ചായത്ത് ഭരണസമിതി വീണ്ടും അനുമതി നൽകിയത്. പാറ പൊട്ടിക്കൽ ആരംഭിച്ചതോടെ പല വീടുകൾക്കും നാശ നഷ്ടം ഉണ്ടായി.  കഴിഞ്ഞ 10 വർഷത്തിനു മുകളിലായി പാറമടയുടെ പ്രവർത്തനം ആരംഭിക്കാൻ ഉടമകൾ ശ്രമം തുടങ്ങിയിരുന്നു. പാറമടക്ക് ഇപ്പോൾ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് കോന്നിയിലെ കോൺഗ്രസിനുള്ളിൽ തന്നെ വലിയ ഭിന്നതയുണ്ട്. കോൺഗ്രസ് അധികാരത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് അംഗങ്ങൾ തന്നെ മുഖ്യമന്ത്രിക്ക് പരാതിയും നൽകി. 

പ്രദേശത്തെ വീടുകളിലേക്ക് വെള്ളം എത്തിക്കുന്ന കൂറ്റൻ വാട്ടർ ടാങ്കിനോട് ചേർന്നാണ് പാറമട എന്നതും ആശങ്കയാണ്. വാട്ടർ ടാങ്കിൽ ഇപ്പോൾ തന്നെ വിള്ളൽ വീണുതുടങ്ങി. പാറമടയ്ക്ക് ലൈസൻസ് നൽകിയതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ സമര സമിതി മാർച്ച് നടത്തിയിരുന്നു. ക്വാറിയുടെ പ്രവർത്തനം നിർത്തിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സമര സമിതിയുടെ തീരുമാനം. 

ENGLISH SUMMARY:

Konni quarry protest is gaining momentum as locals and Congress members oppose the resumption of the controversial stone quarry in Anakkuthi near a residential area and a water tank. The reopening of the facility, owned by Malleli Sreedharan Nair, has sparked widespread fear of structural damage to nearby homes and protests against the panchayat administration.