പത്തനംതിട്ട അടൂരിൽ നഗ്നനായെത്തുന്ന അജ്ഞാതനെ ഭയന്ന് ജനങ്ങൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെ.പി. റോഡിലെ പട്ടാഴിമുക്കിലാണ് രാത്രികാലങ്ങളിൽ ഇയാൾ പ്രത്യക്ഷപ്പെടുന്നത്. സമീപത്തെ മീൻകടയിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
അജ്ഞാതൻ നഗ്നനായി എത്തുന്നതും അൽപസമയത്തിനുശേഷം മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തെ ജനവാസ മേഖലയിലേക്കാണ് ഇയാൾ എത്തുന്നത്. മോഷണമാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ. വീടുകളിൽ മോഷണശ്രമം നടന്നതായി ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് പ്രദേശമാകെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.