പത്തനംതിട്ട സീതത്തോട്ടിൽ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത പ്രകാശന് മഴക്കാലമായാൽ ഉറങ്ങാൻ തന്നെ ഭയമാണ്. വീട്ടുമുറ്റത്ത് താഴ്ന്നു കിടക്കുന്ന ഹൈടെൻഷൻ ലൈനാണ് പ്രകാശന്‍റെ ഭയം. മിന്നലടിക്കുമ്പോൾ ലൈനിൽ പൊട്ടിത്തെറിയുണ്ട്. പ്രകാശന്‍ മാത്രമല്ല, പ്രദേശത്തെ 25 കുടുംബങ്ങളും ഭീതിയിലാണ്.

സീതത്തോട് പഞ്ചായത്ത് കൊട്ടക്കുഴിയിലെ താമസക്കാരാണ് പ്രകാശനും കുടുംബവും. കെഎസ്ഇബി മൂഴിയാർ ഇടമൺ 220 കെവി ഹൈടെൻഷൻ ലൈൻ കടന്നു പോകുന്നത് വീട്ടുമുറ്റത്ത് കയ്യെത്തിപ്പിടിക്കാവുന്ന ഉയരത്തിലാണ്. മിന്നലും മഴയുമുള്ളപ്പോൾ ലൈനിൽ പൊട്ടിത്തെറി ശബ്ദം കേൾക്കാം. ഏറെ വർഷമായി ഈ പേടി തുടങ്ങിയിട്ട്. ലൈൻ താഴ്ന്നു കിടക്കുന്നത് മാത്രമല്ല, താഴത്തെ കാടുകൾ വളർന്ന് ലൈനിൽ മുട്ടുന്ന സ്ഥിതിയായി. പകൽസമയം പ്രകാശൻ മാത്രമേ വീട്ടിലുള്ളു. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത പ്രകാശൻ ഇഴഞ്ഞു നീങ്ങിയാണ് പോകുന്നത്. എന്തെങ്കിലും അപകടം വന്നാൽ ഓടിരക്ഷപെടാൻ പോലും കഴിയില്ല.

മൂന്ന് വർഷം മുൻപ് ഒരു യുവാവ് ലൈനിൽ നിന്ന് വൈദ്യുതാഘാതം ഏറ്റ് മരിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഒരു കാട്ടാന ലൈനിൽ തട്ടി ചരിഞ്ഞിരുന്നു. ലൈനിന് താഴെക്കൂടി മഴക്കാലത്ത് കുടപിടിച്ചു നടക്കാൻ പോലും കഴിയില്ല. വീട്ടുപകരണങ്ങൾ പലതും തകരാറാണ്. പ്രകാശന് ആകെ ആശ്രയം ഒരു റേഡിയോ ആണ്. ലൈനിന്‍റെ താഴെയായതിനാൽ ഇതിന്‍റെ ശബ്ദവും വ്യക്തമല്ലെന്ന് പ്രകാശൻ പറയുന്നു. ഈ ഭാഗത്ത് ഒരു ടവർ നിർമിച്ച് ലൈൻ ഉയർത്തിയെങ്കിലേ അപകട സാഹചര്യം മാറൂ. ഇതിനായി മണ്ണ് പരിശോധനയും നടന്നിരുന്നു. പക്ഷെ പണി മാത്രം നടക്കുന്നില്ല.

ENGLISH SUMMARY:

Terrifying plight of a disabled man and 25 families in Seethathodu living in constant fear of a dangerously low-hanging KSEB high-tension power line. The families face severe safety risks during the monsoon season due to electrical explosions and overgrown vegetation near the wires.