റാന്നി ടൗണിലെ വെള്ളക്കെട്ട് സംബന്ധിച്ച മനോരമ ന്യൂസ് വാർത്തയെ തുടർന്ന് കെഎസ്​ടിപി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ശനിയാഴ്ച ഓടകൾ വൃത്തിയാക്കുമെന്ന് റാന്നി ഗ്രാമപഞ്ചായത്തിനെ കെഎസ്​ടിപി. അധികൃതർ അറിയിച്ചു. കെഎസ്​ടിപിയെ ഉൾപ്പെടുത്തി യോഗം വിളിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു

കഴിഞ്ഞ ഒരാഴ്ചയായി ചെറിയ മഴ പെയ്താൽപ്പോലും റാന്നി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. ഓടകൾ കവിഞ്ഞൊഴുകിയെത്തുന്ന വെള്ളം പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിലും വെള്ളക്കെട്ട് സൃഷ്ടിക്കുകയാണ്. കെഎസ്​ടിപിയുടെ ഓടകളിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ട് നാളുകളായെന്നാണ് വ്യാപാരികളുടെ പരാതി.

കെഎസ്​ടിപിയുടെ റോഡായതിനാൽ ഓടകളുടെ ശുചീകരണത്തിൽ പഞ്ചായത്തിന് കാര്യമായി ഇടപെടാനാകാത്ത സ്ഥിതിയാണ്. പരിഹാരം കാണാൻ കെഎസ്​ടിപി, റവന്യു, ഗ്രാമപഞ്ചായത്ത് അധികൃതരുടെ സംയുക്ത യോഗം എംഎൽഎയുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തിൽ  വിളിച്ചുചേർക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടു.

വെള്ളക്കെട്ടിന് പരിഹാരം കാണാത്ത പക്ഷം വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടം കെ.എസ്.ടി.പിയിൽനിന്ന് ഈടാക്കുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടിവരുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

ENGLISH SUMMARY:

KSTP officials inspecting Ranni town following severe waterlogging issues. Traders have warned of legal action if the clogged drains causing floods on the Punalur-Muvattupuzha highway are not cleared immediately.