എംസി റോഡ് കുഴിച്ച് അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. അപകടമെന്ന് വിമർശനം ഉയർന്നതോടെ ഇരുമ്പു കമ്പികൾ മുറിച്ചു മാറ്റിയെങ്കിലും അപകടകരമായി ഇരുമ്പ് കുറ്റികൾ ശേഷിക്കുന്നു. അനുമതിയില്ലാതെ ബോർഡ് സ്ഥാപിച്ചതിന് നഗരസഭ പിഴയിട്ടതോടെ കുടുങ്ങിയത് പരസ്യം നൽകിയ ആളും.
എംസി റോഡ് കുഴിച്ച് ബോർഡുകൾ സ്ഥാപിക്കാൻ മുൻകൈയെടുത്തത് പന്തളം പോലീസ്. മുൻകാലങ്ങളിൽ നീക്കാവുന്ന മുന്നറിയിപ്പ് ബോർഡുകൾ ആയിരുന്നു സ്ഥാപിച്ചിരുന്നത്. ഇത്തവണ എംസി റോഡ് കുഴിച്ച് ഇരുമ്പ് കമ്പികളിലെ ബോർഡുകൾ നാട്ടി. കെഎസ്ടിപിയുടെയോ നഗരസഭയുടെയോ അനുമതി എടുത്തില്ല. റോഡിലേക്ക് കയറ്റി അപകടകരമാം വിധത്തിൽ തൂണുകൾ സ്ഥാപിച്ചു. നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നതോടെ ബോർഡുകൾ നീക്കി
കെഎസ്ടിപി അനുമതിയില്ലാതെ റോഡ് കുഴിച്ച് സ്ഥാപിച്ച ബോർഡുകൾ ഏജൻസി തന്നെ മുറിച്ചു നീക്കി. ഇതോടെ വാഹനങ്ങളുടെ ടയറുകൾ കീറിമുറിക്കും വിധം ഇരുമ്പ് കുറ്റികൾ ശേഷിച്ചു. പന്തളം നഗരസഭ 70000 രൂപ പിഴയിട്ടു . അത് ചെന്നത് സ്പോൺസർഷിപ്പ് ഏറ്റെടുത്ത ജ്വല്ലറിക്കെതിരെയും. പന്തളം പോലീസിന് വേണ്ടി ഒരു പരസ്യ ഏജൻസി ചോദിച്ച സ്പോൺസർഷിപ്പ് ഏറ്റെടുത്തതേയുള്ളുവെന്ന് ജ്വല്ലറി ഉടമ. പന്തളം പോലീസും പരസ്യ ഏജൻസിയും ചേർന്ന് കുഴിച്ചിട്ട ബോർഡിന്‍റെ പേരിൽ സൈബർ ആക്രമണം നേരിടുന്നു എന്ന് ജ്വല്ലറി ഉടമകൾ പറയുന്നു.
പന്തളത്ത് സ്ഥാപിച്ചത് 14 ബോർഡാണ്. പണിക്കാരായ ഇതര സംസ്ഥാന തൊഴിലാളികളാണ് അപകട രീതിയിൽ ബോർഡ് സ്ഥാപിച്ചതെന്ന് പരസ്യ ഏജൻസി പറയുന്നു. പക്ഷേ, ഇതിൽ പോലീസിന്റെ സാന്നിധ്യം ചിത്രങ്ങളിലൂടെ വ്യക്തമാണ്. ചെങ്ങന്നൂരിലും അടൂരിലും എല്ലാം പോലീസ് സമാനമായ രീതിയിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെ അപകട സാഹചര്യം ഇല്ലാത്തതുകൊണ്ട് ആരും പരാതിപ്പെട്ടിട്ടില്ല. പന്തളത്തെ 14 ബോർഡുകളും നഗരസഭ ഇടപെട്ട് നീക്കിയെങ്കിലും അപകടമായ കുറ്റികൾ ശേഷിക്കുന്നു