വയല്‍ക്കിളികളുടെ സമരത്തിലൂടെ ശ്രദ്ധനേടിയ കണ്ണൂര്‍ കീഴാറ്റൂരിലെ ബൈപ്പാസില്‍ വിള്ളല്‍ കണ്ടെത്തി. മൂന്നുമീറ്റര്‍ നീളത്തിലാണ് ടാറ് ചെയ്ത റോഡില്‍ വിള്ളല്‍ രൂപപ്പെട്ടത്. നിര്‍മാണം പുരോഗമിക്കുന്ന മേഖലയില്‍ ചിലയിടങ്ങളില്‍ റോഡ് താഴ്ന്ന് അപകടാവസ്ഥയിലായതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. 

വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീടിന് മുന്നിലൂടെ പോകുന്ന പ്ലാത്തോട്ടം റോഡിലെ അടിപ്പാതയ്ക്ക് മുകളിലാണ് മൂന്ന് മീറ്റര്‍ നീളത്തിലുള്ള വിള്ളല്‍. നിര്‍മാണം പൂര്‍ത്തിയാകും മുമ്പേയാണ് വിള്ളല്‍ കാണുന്നത്. ടാര്‍ ഒഴിച്ച് കണ്ണില്‍പൊടിയിടാനുള്ള ശ്രമം നിര്‍മാണക്കമ്പനി നടത്തിയെങ്കിലും കൂടുതല്‍ വിള്ളല്‍ രൂപപ്പെടുന്നതായി നാട്ടുകാര്‍. അടിപ്പാതയുടെ കോൺക്രീറ്റ് പ്രതലങ്ങളിലും വിള്ളൽ ഉണ്ടായിട്ടുണ്ട്. എതിര്‍പ്പ് അവഗണിച്ച് വയലിലൂടെ റോഡുണ്ടാക്കിയതിന്‍റെ ഭവിഷ്യത്താണിതെന്ന് നാട്ടുകാര്‍ പറയുന്നു,

വിള്ളൽ രൂപപ്പെട്ടതിന് പുറമെ  റോഡ് താഴ്ന്നു പോയതും ആശങ്കയുണ്ടാക്കുന്നുണ്ട്. വയൽ നികത്തി മണ്ണിട്ട് നടത്തിയ നിർമാണമാണ് റോഡ് താഴ്ന്നുപോകാന്‍ കാരണമെന്നാണ് പരാതി. വെള്ളം കെട്ടി നിന്നും അടിപ്പാതകളിൽ വെള്ളം നിറഞ്ഞും കുടിവെള്ളം മലിനമായും യാത്രാ ദുരിതമായും കീഴാറ്റൂരിലെ ജനങ്ങള്‍ ഏറെക്കാലമായി ദുരിതത്തിലാണ്.. 

ENGLISH SUMMARY:

Kizhattoor bypass crack has been discovered on the newly constructed road, a project that faced significant opposition from the Vayalkili Samaram. This incident raises concerns about the quality of construction and its long-term implications for the region.