TAGS

ആചാരപ്പെരുമയിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി എത്തി. മങ്ങാട്ട് ഭട്ടതിരിയെയും സംഘത്തെയും ആചാരപൂർവ്വം സ്വീകരിച്ചു. നൂറുകണക്കിന് ഭക്തരാണ് തിരുവോണത്തോണി അടുക്കുന്നത് കാണാനും ദർശനത്തിനുമായി ക്ഷേത്രത്തിലെത്തിയത്.

രാവിലെ 6:10-നാണ് ക്ഷേത്രത്തിലെ മധുക്കടവിലേക്ക് തിരുവോണത്തോണി അടുത്തത്. അകമ്പടിയായി 52 പള്ളിയോടങ്ങളും മങ്ങാട്ട് ഭട്ടതിരിയെ ആചാരപൂർവ്വം സ്വീകരിച്ചു. കാട്ടൂരിൽ ഉരലിൽ കുത്തിയെടുത്ത അരി അടക്കമുള്ള വിഭവങ്ങൾ ശ്രീകോവിലിനു മുന്നിൽ ഭഗവാന് സമർപ്പിച്ചു. ശേഷം, പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർ ഓരോ സംഘങ്ങളായി ക്ഷേത്രത്തിന് വലംവെച്ച് വഞ്ചിപ്പാട്ട് പാടി ഭഗവാനെ സ്തുതിച്ചു.

മങ്ങാട്ട് ഭട്ടതിരിക്ക് കൊടിമരച്ചുവട്ടിൽ വെച്ച് പള്ളിയോട സേവാസംഘം ആചാരപരമായ ദക്ഷിണ നൽകി. നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയായിരുന്നെങ്കിലും യാത്ര രസകരമായിരുന്നു എന്ന് മങ്ങാട്ട് അനൂപ് നാരായണ ഭട്ടതിരി പറഞ്ഞു.

ആറന്മുള എം.എൽ.എ. അബിൻ വർക്കിയും വഞ്ചപ്പാട്ട് സംഘത്തോടൊപ്പം ചേർന്നു. ക്ഷേത്രത്തിനകത്തെ സദ്യയ്ക്ക് വേണ്ടിയാണ് മങ്ങാട്ട് ഭട്ടതിരി കൊണ്ടുവന്ന വിഭവങ്ങൾ ഉപയോഗിക്കുന്നത്. ആറന്മുള ക്ഷേത്രത്തിൽ പള്ളിയോട സേവാസംഘത്തിന്റെ വകയായി ഭക്തർക്കെല്ലാം ഓണസദ്യ നൽകുന്നുണ്ട്. തിരുവോണദിവസം ആനപ്പുറത്തായിരുന്നു ഭഗവാന്റെ ശീവേലി എഴുന്നള്ളത്ത്.