ആലപ്പുഴ ചുനക്കരയിൽ സ്വർണ പണയത്തിന്‍റെ പേരിൽ വ്യാപക തട്ടിപ്പ്. നൂറ് കണക്കിന് ആളുകളിൽ നിന്ന് 25 മുതൽ 50 പൈസ വരെ പലിശ വാഗ്ദാനം ചെയ്ത് സ്വർണം പണയമായി സ്വീകരിച്ചാണ് കോടികൾ തട്ടിയത്. പ്രാദേശിക ബിജെപി നേതാവ് ഉൾപ്പെടെ പ്രതികളായ കേസിൽ സ്ഥാപനത്തിലെ ജീവനക്കാരി മാത്രമാണ് ഇതുവരെ പിടിയിലായത്.

 ശ്രീലകം ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനമാണ് സ്വർണ പണയത്തിന്‍റെ പേരിൽ വ്യാപക തട്ടിപ്പ് നടത്തിയത്. തുച്ഛമായ പലിശ വാഗ്ദാനം ചെയ്ത് കോമല്ലൂരിലെയും കറ്റാനത്തെയും ബ്രാഞ്ചുകൾ വഴി നൂറ് കണക്കിന് ആളുകൾക്ക് സ്വർണ പണയത്തിൽ വായിപ നൽകി. ലക്ഷങ്ങളുടെ പലിശയും മുതലും തിരിച്ചടച്ച ശേഷം സ്വർണം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് തട്ടിപ്പ് അറിയുന്നത്.

സ്ഥാപനത്തിന്‍റെ ഉടമ രാധാകൃഷ്ണൻ, ബിജെപി പ്രാദേശിക നേതാവ് രാഹുൽ രാധാകൃഷ്ണൻ, സ്ഥാപനത്തിലെ ജീവനക്കാരി ടിനു തമ്പാൻ തുടങ്ങിയവർക്ക് എതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും ടിനുവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ ടിനുവിന്‍റെ ഭർത്താവ് സജുവും പണയ തട്ടിപ്പ് കേസിലെ പ്രതിയായ രാഹുൽ രാധാകൃഷ്ണനും കേസിനെ കുറിച്ച് സംസാരിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദിച്ചെന്നും പരാതിയുണ്ട്. ഇടപാടുകാരിൽ നിന്ന് പണയത്തിൽ സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികളാണ് തട്ടിയെടുത്തത്. കേസിലെ മറ്റ് പ്രതികളെ പിടികൂടാത്തത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നാണ് വിമർശനം.

Gold Loan Fraud Uncovered in Alappuzha:

Alappuzha gold loan fraud involves Sreelakam Finance, where hundreds were defrauded of crores by accepting gold as collateral with promises of low interest rates. The police have registered cases against the institution's owner, a local BJP leader, and employees, but only one employee has been apprehended so far