സിപിഎം ഭരിക്കുന്ന തിരുവല്ല നെടുമ്പ്രം പഞ്ചായത്തിൽ വില്ലേജ് ഓഫിസർ വിതരണം ചെയ്യേണ്ട കിറ്റുകൾ സിപിഎം വിതരണം ചെയ്തു എന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം. സിപിഎം അംഗങ്ങളുടെ വാർഡുകളിൽ മാത്രമാണ് വിതരണം എന്നാണ് പരാതി. എല്ലാവർക്കും കിറ്റുകൾ നൽകുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
നെടുമ്പ്രം പഞ്ചായത്തിൽ ക്യാമ്പുകളിലേക്ക് വരാത്തവർക്കുള്ള കിറ്റുകൾ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ വിതരണം ചെയ്തു എന്നാണ് ആരോപണം. വില്ലേജ് ഓഫിസർ കിറ്റുകൾ സിപിഎമ്മിനെ ഏൽപ്പിച്ചു. സിപിഎം പഞ്ചായത്ത് അംഗങ്ങളുടെ വാർഡുകളിൽ മാത്രമാണ് വിതരണം നടന്നതെന്നും തങ്ങൾ അറിഞ്ഞില്ലെന്നും ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. ബിജെപിക്ക് 6 അംഗങ്ങളുണ്ട്. സിപിഎമ്മിന്‍റെ വിതരണമെന്ന് വില്ലേജ് ഓഫീസർ തെറ്റിദ്ധരിപ്പിച്ചു എന്ന് ബിജെപി പറയുന്നു. ലിസ്റ്റ് കിട്ടിയപ്പോഴാണ് എല്ലാവർക്കും ഉള്ളതെന്ന് മനസിലായത്. ഇതോടെ ബിജെപി പ്രവർത്തകർ വില്ലേജ് ഓഫീസ് ഉപരോധിച്ചു.
ഇപ്പോള്‍ നടക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. രണ്ട് ക്യാമ്പുകൾ ആണ് നെടുംമ്പ്രം പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. അതേസമയം കോൺഗ്രസ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.