ഓക്സിജന്‍ സിലിണ്ടറിന്‍റെ പിന്തുണയില്‍ ജീവിക്കുന്ന ആദിവാസി മൂപ്പന്‍ കഴിയുന്നത് തകര്‍ന്ന് വീഴാറായ ഷെഡ്ഡില്‍. പത്തനംതിട്ട മഞ്ഞത്തോട്ടിലാണ് ആദിവാസി മൂപ്പന്‍ രവീന്ദ്രന്‍റെ ദുരിത ജീവിതം. ദൂരെയെങ്ങും ജോലിക്കു പോകാന്‍ കഴിയാതെ ദുരിതത്തിലാണ് ഹൃദ്രോഗിയായ മകനും.
മലമ്പണ്ടാര വിഭാഗത്തിന്‍റെ മലമൂപ്പനായിരുന്നു 85 വയസുകാരനായ രവീന്ദ്രന്‍. 15 വര്‍ഷം കഴിഞ്ഞത് മകരവിളക്ക് തെളിയിക്കുന്ന പൊന്നമ്പലമേട്ടില്‍. സര്‍ക്കാര്‍ വീടും സ്ഥലവും നല്‍കും എന്ന വാഗ്ദാനം കേട്ട് 10 വര്‍ഷം മുന്‍പാണ് ഉള്‍വനത്തിലെ താമസം മതിയാക്കി മഞ്ഞത്തോട്ടിലെത്തിയത്. ശബരിമലയ്ക്കുള്ള റോഡിനരികില്‍ ഷെഡ് കെട്ടി താമസം തുടങ്ങി. രണ്ട് വര്‍ഷം മുന്‍പ് ഹൃദ്രോഗവും, ആസ്മയും ബാധിച്ചു. രണ്ടുവര്‍ഷമായി ഓക്സിജന്‍ സിലിണ്ടറിന്‍റെ സഹായത്തോടെ ആണ് ജീവിതം. മൂപ്പന്‍റെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. കറണ്ടുപോയാല്‍ മരണതുല്യമായ അവസ്ഥയാണ്. മകന്‍ അജയനും ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. പിതാവിന്‍റെ രോഗം അടക്കമുള്ള കാരണങ്ങളാല്‍ അജയന് ഉള്‍വനത്തില്‍ പോയി വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല. വരുമാനവും നിലച്ച അവസ്ഥ.
വഴിയരികില്‍ എന്തെങ്കിലും കച്ചവടം ചെയ്യാമെന്ന് വിചാരിച്ചാല്‍ വനംവകുപ്പ് അനുവദിക്കുന്നില്ല. കാട്ടില്‍ നിന്ന് വിളിച്ചുകൊണ്ടു വന്നിട്ട് എന്തിനിങ്ങനെ ചെയ്യുന്നു എന്നാണ് അജയന്‍റെ ചോദ്യം. പട്ടയം അനുവദിച്ച പട്ടികയില്‍ പേരുണ്ടായിട്ടും കിട്ടിയില്ല. ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ കൃത്യമായ മറുപടിയില്ല. തകര്‍ന്നു വീഴാറായ വീട്ടില്‍ രോഗിയായ പിതാവും മൂന്നു പിഞ്ചുകുഞ്ഞുങ്ങളുമായി എത്രകാലം കഴിയാനാവും എന്നാണ് അജയന്‍റെ ആശങ്ക. കനത്ത മഴയും കാട്ടാന അടക്കം വന്യമൃഗങ്ങളേയും പേടിച്ചാണ് ജീവിതം.