തിരുവല്ല മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് വികസനം ഉടൻ യാഥാർഥ്യമാകില്ല. 20 കിലോമീറ്ററോളം ദൂരമുള്ള റോഡ് വീതി കൂട്ടി ഇരുവശവും നടപ്പാത നിർമിക്കാനാണ് 2016 ൽ പ്രഖ്യാപിച്ച പദ്ധതി. എന്നാൽ തൽക്കാലം വീതി കൂട്ടാതെ ഉന്നതനിലവാരത്തിൽ ടാർ ചെയ്യാനാണ് തീരുമാനമെന്ന് തിരുവല്ല എംഎൽഎ വർഗീസ് മാമൻ മനോരമ ന്യൂസിനോട് പറഞ്ഞു.
റോഡിന്‍റെ വീതി കൂട്ടി, ഇരു വശവും നടപ്പാതയും ഓടയും നിർമിച്ചു ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കാനാണ് പദ്ധതി. പത്തു വർഷം പിന്നിടുമ്പോഴും സ്ഥലം ഏറ്റെടുക്കൽ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പദ്ധതി വൈകുന്നതിനാൽ ഇപ്പോഴുള്ള അതേ വീതിയിൽ ഉന്നത നിലവാരത്തിൽ ടാർ ചെയ്യാനാണ് തീരുമാനം എന്ന് തിരുവല്ല എം എൽ എ വർഗീസ് മാമൻ പറഞ്ഞു.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സർവേ നടപടികൾ സർക്കാർ ആരംഭിച്ചിരുന്നു. ചേലക്കൊമ്പ് മല്ലപ്പള്ളി ഭാഗങ്ങളിൽ സർവേ പൂർത്തിയാക്കി മുൻ സർക്കാർ മഞ്ഞ കുറ്റികളും സ്ഥാപിച്ചു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതാണ് തടസമെന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് കഴിഞ്ഞ ജനുവരിയിൽ മുൻ സർക്കാർ മറുപടിയും നൽകിയിരുന്നു. പുതിയ സർക്കാർ വന്നപ്പോള്‍ പദ്ധതി എന്താകുമെന്നാണ് നാട്ടുകാരുടെ ആശങ്ക