konni-8

പത്തനംതിട്ട കോന്നി കുളത്തുമൺ ജനവാസ മേഖലയിൽ പുലിക്ക് പിന്നാലെ കാട്ടാനക്കൂട്ടവും ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ഫെൻസിങ് നിർമാണം മുടങ്ങിയതാണ് കാട്ടാന ശല്യം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. തലേദിവസം രാത്രിയാണ് പുലി ഒരു പശുക്കിടാവിനെ കൊന്നു തിന്നത്.

 

ഇന്ന് പുലർച്ചെ ഒരു മണിയോടെ കുളത്തുമൺ താമരശ്ശേരി ഭാഗത്തേക്ക് കടന്ന ആനകൾ വീടുകൾക്ക് തൊട്ടടുത്തെത്തുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരും പഞ്ചായത്ത് അംഗം ജിജയുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ച് ആനകളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോന്നി ആർ.ആർ.ടി സംഘത്തെ വിളിച്ചിട്ടും എത്തിയില്ലെന്നും പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മാത്രമാണ് സ്ഥലത്തെത്തിയതെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

 

​കഴിഞ്ഞദിവസം കുളത്തുമൺ താമരപ്പള്ളി ഭാഗത്ത് പുലി പശുവിനെ ആക്രമിച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാട്ടാനക്കൂട്ടവും എത്തിയിരിക്കുന്നത്.  പ്രദേശത്ത് സ്ഥാപിക്കാനിരുന്ന ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം നിലച്ച അവസ്ഥയിലാണ്.

​മൂന്ന് നാല് വർഷത്തിനിടെ വന്യമൃഗശല്യം രൂക്ഷമായ ഈ മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശമാണ് സംഭവിക്കുന്നത്. എന്നാൽ വനംവകുപ്പിൽ നിന്നും ലഭിക്കുന്ന തുച്ഛമായ നഷ്ടപരിഹാരത്തിന് പോലും വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നു എന്നാണ് കർഷകരുടെ പരാതി

ENGLISH SUMMARY:

Malayala Manorama Online News reports on a severe wildlife menace in Konni, Pathanamthitta, where wild elephants have entered residential areas, destroying crops and nearing homes. This follows a tiger attack that killed a calf, with locals blaming the delay in fencing construction for the escalating animal threats.