റാന്നി മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിന് 7 കോടി രൂപ അനുവദിച്ചിട്ടും റാന്നി പുതുശേരിമല പള്ളിപ്പടി - ചെങ്ങറ മുക്ക് റോഡിന്‍റെ അറ്റകുറ്റപ്പണികൾ വൈകുന്നതിൽ പ്രതിഷേധം . റോഡിൽ പലയിടത്തും കാൽനടയാത്ര പോലും ദുഷ്കരമാണ്.
റാന്നി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ കൂടി കടന്നു പോകുന്ന റോഡിന്‍റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ 4 വർഷമായി മുടങ്ങി കിടക്കുകയാണ്. റോഡിന്‍റെ ഇരുവശങ്ങളിലായി 600 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. യാത്രാക്ലേശം രൂക്ഷമായ പുതുശേരിമലയിലെ പ്രധാന പാത കൂടിയാണിത്. ശബരിമല അനുബന്ധ പാതയായ റാന്നി-വടശേരിക്കര റോഡിൽ നിന്നും പുതുശേരിമലയ്ക്ക് തിരിയുന്ന പ്രധാന പാത. പള്ളിപ്പടി മുതൽ ചെങ്ങറ മുക്ക് വരെ അഞ്ചര കിലോമീറ്റർ ദ്ദൂരത്തെ റീ ടാറിങ്ങ് അടക്കമുള്ള ജോലിക്കായി 2024 ൽ നാൽപ്പതു ലക്ഷം രൂപ അനുവദിച്ചു എന്ന് MLA യുടെ പത്രക്കുറിപ്പിൽ പറയുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. പഞ്ചായത്ത് ഇലക്ഷൻ സയത്തും നിയമസഭ തിരത്തെടുപ്പ് സമയത്തും റോഡിന്‍റെ പലയിടത്തായി വശങ്ങളിൽ മെറ്റൽ കൊണ്ടിറക്കി ജനങ്ങളെ വീണ്ടു കബളിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് നാട്ടുകാർ പറയുന്നത്.
തകർന്ന് താറുമാറായ റോഡിലൂടെ ഒരു ഒട്ടോറിക്ഷപോലും ഓട്ടം വിളിച്ചാൽ വരില്ല. മെറ്റലിളകി കുഴികളായ റോഡിലൂടെ ഉള്ള യാത്ര മൂലം വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടാകുന്നു. കരാറുകാരന്‍റെ അനാസ്ഥയാണ് നിർമ്മാണം വൈകാൻ കാരണമായതെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. അടുത്ത അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി റോഡ് സഞ്ചാരയോഗ്യമാക്കി തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം