erumeli

TOPICS COVERED

വിശ്വാസ പെരുമയിൽ പേട്ടതുള്ളൽ, ചന്ദനക്കുടം ആഘോഷങ്ങൾക്കായി എരുമേലി ഒരുങ്ങി. ഇന്ന് വൈകിട്ടാണ് ചന്ദനക്കുടം ആഘോഷം. നാളെയാണ് പേട്ടതുള്ളൽ. തിരക്ക് കണക്കിലെടുത്ത് എരുമേലിയിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വ്യന്യസിച്ചു. 

എരുമേലി മഹല്ല് മുസ്‌ലിം ജമാ അത്തിന്റെ നേതൃത്വത്തിലാണു ചന്ദനക്കുടം ആഘോഷം. പള്ളി അങ്കണത്തിൽ നടക്കുന്ന ചന്ദനക്കുടം പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി  വി.അബ്ദുറഹിമാൻ ചന്ദനക്കുടം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നഗരം ചുറ്റിയാണ് ഘോഷയാത്ര.

ഗജവീരന്മാരും വാദ്യ മേളങ്ങളും കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേറും. പേട്ടക്കവലയിൽ നിന്ന് പുറപ്പെട്ട് ടൗൺ ചുറ്റി ഘോഷയാത്ര പള്ളിയങ്കണത്തിൽ സമാപിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ടതുള്ളൽ നടത്തുന്നത്.

ഉച്ചയ്ക്ക് പന്ത്രണ്ടിന് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. അമ്പലപ്പുഴ സംഘം ആദ്യം വാവരു പള്ളിയിൽ ദർശനം നടത്തും. പള്ളി ഭാരവാഹികൾ സംഘത്തെ സ്വീകരിക്കും. തുടർന്ന് വാവരുടെ പ്രതിനിധി അമ്പലപ്പുഴ പെരിയോന്റെ കൈപിടിച്ച് പേട്ടതുള്ളൽ സംഘത്തിനൊപ്പം വലിയമ്പലത്തിലേക്ക് പുറപ്പെടും. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിനു ശേഷം മൂന്നിനാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ. തിരക്ക് കണക്കിലെടുത്ത് നിലവിലുള്ള അഞ്ഞൂറ് പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ മൂന്നൂറ് പൊലീസ് ഉദ്യോഗസ്ഥരെ  എരുമേലി നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Pettathullal festivities are set to begin in Erumeli, with the Chandanakudam festival taking place this evening followed by Pettathullal tomorrow. Additional police personnel have been deployed in Erumeli to manage the expected crowds.