പത്തനംതിട്ട ചിറ്റാർ വില്ലുന്നിപ്പാറയിൽ കിണറ്റിൽ കടുവ വീണതിനെത്തുടർന്ന് ദുരിതത്തിലായ വൃദ്ധദമ്പതികൾക്ക് ഒടുവിൽ ആശ്വാസം. വനംവകുപ്പിന്റെ നേതൃത്വത്തിൽ കിണർ ശുചീകരിച്ച് പമ്പിങ് പുനഃസ്ഥാപിച്ചു. സുരക്ഷ കണക്കിലെടുത്ത് കിണറിന് മുകളിൽ ഇരുമ്പ് വലയും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് വില്ലുന്നിപ്പാറ സ്വദേശി സദാശിവന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ കടുവ വീണത്. കിണറിന് ആൾമറ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്. കടുവ വീണതിന്റെ ആഘാതത്തിൽ കിണറിലെ മോട്ടോറും പൈപ്പുകളും പൂർണ്ണമായും തകർന്നിരുന്നു. ഇതോടെ സദാശിവനും ഭാര്യ വത്സലയും കഴിഞ്ഞ മൂന്ന് ദിവസമായി കുടിവെള്ളമില്ലാതെ വലയുകയായിരുന്നു.
ഇന്നലെ രാവിലെ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കിണർ വൃത്തിയാക്കിയത്. വില്ലുന്നിപ്പാറ വനസംരക്ഷണ സമിതിയാണ് ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കിയത്. കിണറ്റിലെ വെള്ളം പൂർണ്ണമായും വറ്റിച്ച ശേഷം ചെളിയും കടുവ കടിച്ചുപൊട്ടിച്ച പൈപ്പുകളും നീക്കം ചെയ്തു. തുടർന്ന് ബ്ലീച്ചിങ് പൗഡർ ഇട്ട് കിണർ ശുദ്ധീകരിക്കുകയും തകരാറിലായ പമ്പ് ശരിയാക്കി വെള്ളം ലഭ്യമാക്കുകയും ചെയ്തു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കിണറിന് ചുറ്റും കാട്ടുകല്ലുകൾ പാകി ബലപ്പെടുത്തുകയും മുകളിൽ ശക്തമായ ഇരുമ്പ് വല സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഫോറസ്റ്റർ എസ്. അജയൻ, സഹപ്രവർത്തകരായ അനീഷ്, ശ്യാമിലി, രമ്യ രാജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. കടുവയെ കിണറ്റിൽ നിന്ന് വലയിട്ട് പിടികൂടി വനത്തിൽ തുറന്നു വിട്ടിരുന്നു.