പത്തനംതിട്ട മല്ലപ്പള്ളിയിൽ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറുടെ പക്കൽ നിന്ന് പണം നഷ്ടപ്പെട്ടു. റോഡിൽ വീണ ബൈക്ക് യാത്രികന്റേതെന്ന് തെറ്റിദ്ധരിച്ച് 23,300 രൂപ മറ്റൊരു ഓട്ടോ ഡ്രൈവർ ബൈക്ക് യാത്രികന് കൈമാറുകയായിരുന്നു. കൊച്ചുമകളുടെ പഠനാവശ്യത്തിനായി കടം വാങ്ങിയ തുകയാണ് പുഷ്കരന് നഷ്ടപ്പെട്ടത്.
നഴ്സിങ് വിദ്യാർഥിനിയായ കൊച്ചുമകളുടെ പഠനാവശ്യത്തിന് കടം വാങ്ങിയ പണവുമായി ബുധനാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോ ഡ്രൈവറായ പുഷ്കരൻ. കാറിടിച്ച് വീണ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് മുണ്ടിന്റെ മടിക്കെട്ടിനുള്ളിൽ സൂക്ഷിച്ച 23,300 രൂപ റോഡിൽ വീണത്.
ബൈക്ക് യാത്രികൻ്റെ പേരോ വിവരമോ അറിയില്ല. പണം മടക്കി നൽകാൻ അയാൾ എത്തിയതുമില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ബൈക്ക് യാത്രികനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പുഷ്കരൻ. കീഴ്‌വായപൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.