കടുവാപ്പേടിക്ക് പരിഹാരമില്ലാതെ പത്തനംതിട്ട വടശ്ശേരിക്കര വനാതിര്‍ത്തി. ഒരു മാസം മുന്‍പ് കൂടു വച്ചെങ്കിലും കടുവ വീണിട്ടില്ല. കഴിഞ്ഞ ദിവസം ഒരു വളര്‍ത്തു നായയെ പിടികൂടിയിരുന്നു. അടിയന്തര പരിഹാരം ഉണ്ടാവുമെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ പറഞ്ഞു.
വടശ്ശേരിക്കര കുമ്പളത്താ മണ്ണില്‍ കഴിഞ്ഞ ദിവസമാണ് വളര്‍ത്തു നായയെ കൊന്ന് പകുതി ശരീരം തിന്നുതീര്‍ത്തത്. നാട്ടുകാരി സൂസി മോഹനന്‍റെ നായയെ ആണ് ആക്രമിച്ചത്. വടശ്ശേരിക്കരയില്‍ ആറിനക്കരെ ഇക്കരെയായി കുമ്പളത്താമണ്‍, ഒളികല്ല്, ബാലപാടി പ്രദേശങ്ങളിലാണ് കടുവാപ്പേടി. കാടുപിടിച്ച പ്രദേശത്ത് പകല്‍പോലും ഇറങ്ങാന്‍ നാട്ടുകാര്‍ക്ക് പേടിയായി.
കഴിഞ്ഞ മാസമാണ് വടശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസമേഖലയിലെ പാടത്ത് മേയാന്‍ വിട്ട പോത്തിനെ കടുവ പിടിച്ചത്. ക്യാമറ സ്ഥാപിച്ച് കടുവയെന്ന് ഉറപ്പിച്ച് കൂടും വച്ചു. പോത്തിന്‍റെ ശേഷിച്ച ഭാഗങ്ങള്‍ കൂട്ടിലിട്ടു. പക്ഷെ കടുവ വീണില്ല. ഉടന്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് റാന്നി എംഎല്‍എ.
സ്ഥിരമായി കാട്ടുപോത്തും കാട്ടാനകളും ഇറങ്ങുന്ന സ്ഥലമാണ് ഒളികല്ല്. കുരങ്ങുകള്‍ ഇറങ്ങി തേങ്ങയടക്കം നശിപ്പിക്കുന്നതും പതിവായി. രണ്ട് വര്‍ഷം മുന്‍പും ഇവിടെ കടുവ ഇറങ്ങിയിരുന്നു. പിന്നീട് ഈ കടുവയെ ചത്തനിലയില്‍ കണ്ടെത്തി.