തിരുവല്ല പുളിക്കീഴിൽ വിരണ്ടോടിയ പോത്തിന്‍റെ ആക്രമണത്തിൽ ഏഴുപേർക്ക് പരുക്ക്. പോത്തിനെ പിടിച്ചു കെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ പരുക്കേറ്റത്. അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പോത്തിനെ കെട്ടി.
പുളിക്കീഴ് സ്വദേശി സുരേഷിന്‍റെ രണ്ടു വയസ്സ് പ്രായമുള്ള പോത്ത് രാവിലെ എട്ടുമണിയോടെയാണ് വിരണ്ടോടിയത്. കയറുപൊട്ടിച്ചോടിയ പോത്തിനെ പിടിക്കാൻ എത്തിയ അച്ചൻകുഞ്ഞിനെയും ഭാര്യ ശോശാമ്മയെയും പോത്ത് ഇടിച്ചിട്ടു. ബ്ലസന്റെ കാലിനാണ് പരിക്ക്. പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീണ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വർഗീസ് ഫിലിപ്പിൻ്റെ കാലിൽ പോത്ത് കയറിനിന്നു. ദാസപ്പൻ നായരേയും വിജയനേയും പോത്ത് ഇടിച്ചിട്ടു. കടപ്ര പഞ്ചായത്ത് ഒന്നാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ബോബിയുടെ കൈയ്ക്ക് പരുക്കേറ്റു.
പൊലീസും ഫയർഫോഴ്സും ചേർന്ന് പഴവും വെള്ളവും കൊടുത്ത് പോത്തിനെ തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടര കിലോമീറ്റർ ചുറ്റളവിലെ ജനവാസ മേഖലയിലൂടെയും കൃഷിയിടത്തിലൂടെയും പോത്ത് ഓടി. ഒടുവിൽ പോത്തിന്റെ ഉടമസ്ഥനെത്തി വടമിട്ട് കുരുക്കിയാണ് പിടികൂടിയത്. പോത്തിനെ നിരീക്ഷിച്ചു വരികയാണ്.