തിരുവല്ലയിൽ ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടാനുള്ള ശ്രമം തടഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ. 68കാരിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടാനായിരുന്നു ശ്രമം. സംശയം തോന്നിയ തിരുവല്ല ബാങ്ക് ഓഫ് ബറോഡയിലെ ഉദ്യോഗസ്ഥർ 68കാരിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വിഡിയോ കോളിലൂടെയാണ് 68 കാരിയെ കബളിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് 68 കാരിയെ ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ പറ്റിക്കാനായി ശ്രമിച്ചത്. പണം മുഴുവൻ കൈക്കലാക്കാനായിരുന്നു വിഡിയോ കോളിലൂടെ എത്തിയ തട്ടിപ്പുകാരുടെ ശ്രമം. തിരുവല്ല ബ്രാഞ്ചില എഫ്ഡി ക്ലോസ് ചെയ്ത് മക്കളുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യവുമായാണ് സ്ത്രീ ബാങ്കില്‍ വന്നത്. പലിശ ലഭിക്കുന്നതല്ലേ, ക്ലോസ് ചെയ്യണോയെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും ക്ലോസ് ചെയ്യണമെന്ന് ആവശ്യത്തില്‍ തന്നെയായിരുന്നു സ്ത്രീ. ബാക്കിയുള്ള കാര്യങ്ങളെല്ലാം മക്കൾ നോക്കിക്കോളുമെന്നും പറഞ്ഞു.
തുടര്‍ന്ന് എഫ്ഡി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് വിനോദ് എഫ്ഡി ക്ലോസർ പ്രോസസ്സ് ചെയ്തു, സേവിങ്സ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. ശേഷം പണം ട്രാൻസ്ഫര്‍ ചെയ്യുന്നതിനുള്ള ഫോം പൂരിപ്പിക്കാന്‍ കൊടുത്തു. പൂരിപ്പിച്ച് കിട്ടിയ ഫോമിലെ ബെനിഫിഷ്യറിയുടെ പേര് കണ്ട വിനോദിന് സംശയം തോന്നി. മക്കളുടെ പേരിന് പകരം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരാണ് ഇവര്‍ കൊടുത്തിരുന്നത്. ചോദിച്ചപ്പോൾ അത് മക്കൾ തന്ന ഡീറ്റെയിൽസ് ആണെന്നായിരുന്നു സ്ത്രീയുടെ മറുപടി.
അക്കൗണ്ട് നമ്പർ മക്കൾ അയച്ചു തന്നത് കാണിക്കാൻ പറഞ്ഞെങ്കിലും സ്ത്രീ അത് തപ്പുന്നത് പോലെ അഭിനയിച്ചു. മക്കളെ വിളിക്കാൻ പറഞ്ഞപ്പോള്‍ അവർ അവർ ബിസി ആണെന്നായിരുന്നു മറുപടി. ബാങ്ക് അധികൃതരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശേഷം സ്ത്രീ ഫോണ്‍ കാണിച്ചു. ഫോണിലെ ഡീറ്റെയില്‍സ് കണ്ടപ്പോഴേ തട്ടിപ്പാണെന്ന് അധികൃതര്‍ക്ക് മനസിലായി. ഫോണില്‍ സുപ്രീം കോർട്ട് ഓഫ് ഇന്ത്യയുടേയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റേയും നോട്ടീസുകളാണ് കണ്ടത്. സ്ഥിരം വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പാണെന്ന് മനസിലായതോടെ സ്ത്രീയെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കുകയായിരുന്നു. ഹിപ്നോട്ടിസ് ചെയ്യപ്പെട്ട അവസ്ഥയിലായിരുന്നു സ്ത്രീയെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.