തിരുവല്ല കുറ്റൂരിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള വീടിനോട് ചേർന്ന തട്ടുകടയിലാണ് കുഞ്ഞനെ കണ്ടെത്തിയത്. ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞാണ്. തട്ടുകട നടത്തിപ്പുകാരൻ ജയരാജൻ പുലർച്ചെ അഞ്ചുമണിക്ക് തട്ടുകടയിലെത്തി ലൈറ്റ് തെളിയിച്ചപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തിയാണ് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. പുലർച്ചെ രണ്ടുമണിയോടെ തട്ടുകടയ്ക്ക് സമീപം ഒരു ബൈക്ക് എത്തിയതായും അൽപനേരം നിന്നശേഷം മടങ്ങിപ്പോയതായും വിവരമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.