TOPICS COVERED

ഓടുന്ന ഒരു ആംബുലന്‍സ് പോലും ഇല്ലാതെ പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി. സ്വകാര്യ ആംബുലന്‍സുകളെ സഹായിക്കാനാണ് തകരാറിലായ ആംബുലന്‍സുകള്‍ ശരിയാക്കാത്തത് എന്നാണ് ആക്ഷേപം. ആംബുലന്‍സുകള്‍ കട്ടപ്പുറത്തായതോടെ താല്‍ക്കാലിക ഡ്രൈവര്‍മാരുടെ ജോലിയും ഇല്ലാതായി. രണ്ട് ആംബുലന്‍സുകള്‍ ഉടര്‍ ശരിയാവുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

എംപി ഫണ്ടില്‍ നിന്ന് അനുവദിച്ചതടക്കം നാല് ആംബുലന്‍സുകളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഐസിയു ആംബുലന്‍സ് കോട്ടയത്ത് അപകടത്തില്‍പ്പെട്ടിട്ട് മാസങ്ങളായി. ഇതുവരെ തകരാര്‍ പരിഹരിച്ചില്ല. മറ്റ് രണ്ട് ആംബുലന്‍സുകളുടേയും തകരാര്‍ പരിഹരിച്ചില്ല. ഒരു ആംബുലന്‍സിന് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതാണ് പ്രശ്നം. സര്‍ക്കാര്‍ ആംബുലന്‍സില്‍ 2500രൂപ ഈടാക്കുമ്പോള്‍ പന്ത്രണ്ടായിരം വരെയാണ് സ്വകാര്യ ആംബുലന്‍സുകള്‍ ഈടാക്കുന്നത്. താലൂക്ക് ആശുപത്രിയുടെ വാഹനങ്ങളുടെ ചുമതല ഉള്ളയാള്‍ സമയബന്ധിതമായി പണി തീര്‍ക്കുന്നില്ല എന്നാണ് ആരോപണം.

താല്‍ക്കാലിക ഡ്രൈവര്‍മാരോട് ജോലിക്ക് വരേണ്ടെന്നും നിര്‍ദേശിച്ചു.ഒരാളുടെ ആംബുലന്‍സിന് മാത്രം ഓട്ടം കൊടുക്കുന്നു എന്ന് കാട്ടി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സൊസൈറ്റിയും പരാതി നല്‍കിയിട്ടുണ്ട്. പരാതി ശ്രദ്ധയില്‍പ്പെട്ടെന്നും ഇടപെട്ട് അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുത്തു എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. രണ്ട് ആംബുലന്‍സുകള്‍ ഉടന്‍ ശരിയാകും.മറ്റൊരു ആംബുലന്‍സിന് കാലപ്പഴക്കം ഉണ്ട്.അതും പരിഹരിക്കും. അപകടത്തില്‍പ്പെട്ട ആംബൂലന്‍സിന്‍റെ തകരാര്‍ പരിഹരിക്കാന്‍ എസ്റ്റിമേറ്റ് ആയി.ഡിഎച്ച്എസില്‍ നിന്ന് അനുമതി കിട്ടിയാല്‍ പണി തുടങ്ങും എന്നും സൂപ്രണ്ട് പറഞ്ഞു. ശബരിമല മണ്ഡല കാലം കൂടി തുടങ്ങാനിരിക്കെ അടിയന്തരമായി ആംബുലന്‍സുകളുടെ തകരാര്‍ പരിഹരിക്കണം എന്നാണ് ആവശ്യം

ENGLISH SUMMARY:

Ambulance breakdown at Pathanamthitta district hospital is causing inconvenience to patients. The hospital superintendent assures that repairs will be made soon to address the ambulance shortage issue and that the issues raised will be resolved.