തലയിൽ കൈവച്ചാണ് പത്തനംതിട്ട നാരങ്ങാനം വില്ലേജ് ഓഫിസിലെ ജീവനക്കാർ ഇരിക്കുന്നത്. ഏതുസമയവും ഒരു കോൺക്രീറ്റ് പാളി തലയിൽ പതിച്ചേക്കാം. പുതിയ കെട്ടിടത്തിന് പണം അനുവദിച്ചെങ്കിലും സ്ഥലം ആയിട്ടില്ല
വില്ലേജ് ഓഫിസിലെത്തുന്ന നാട്ടുകാരെ തലയിൽ കോൺക്രീറ്റ് പൊടിയിട്ടാണ് കെട്ടിടം സ്വീകരിക്കുന്നത്. ഒരു വർഷത്തോളമായി മേൽത്തട്ട് ഇളകിവീഴാൻ തുടങ്ങിയിട്ട്. പ്രധാന കെട്ടിടവും ശുചിമുറിയും എല്ലാം ഒരേപോലെ. മുകളിൽ ഷീറ്റ് ഇട്ടതുകൊണ്ട് ചോർച്ചയില്ല. പലയിടത്തും തുരുമ്പിച്ച കമ്പി തെളിഞ്ഞു കഴിഞ്ഞു. കെട്ടിടത്തിന് 40 വർഷത്തിലധികം പഴക്കമുണ്ട്.
പുതിയ വില്ലേജ് ഓഫിസിനായി റീ ബിൽഡ് കേരളയിൽ പെടുത്തി 45 ലക്ഷം അനുവദിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയും സ്ഥലം കണ്ടെത്താനായിട്ടില്ല. അടിയന്തര നടപടി ആവശ്യപ്പെട്ട് കലക്ടർക്കും മന്ത്രിക്കും അടക്കം പരാതി നൽകിയിട്ടുണ്ട്