തിരുവല്ലയിലും സ്കൂൾ പരിസരത്ത് ഫിറ്റ്നസ്സില്ലാതെ കെട്ടിടങ്ങൾ. അഴിയേടത്തുചിറ സർക്കാർ ഹൈസ്കൂളിലും പെരിങ്ങര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലുമാണ് വിദ്യാർഥികളുടെ ജീവനു ഭീഷണിയായി കെട്ടിടങ്ങൾ നിൽക്കുന്നത്.
2018ലെ പ്രളയത്തിനുശേഷം ബലക്ഷയം ഉണ്ടായ കെട്ടിടമാണ് അഴിയേടത്തുചിറ സർക്കാർ ഹൈസ്കൂളിലേത്. 123 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഓടുമേഞ്ഞ മേൽക്കൂര പൊളിഞ്ഞു വീഴാറായി. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നില്ലെങ്കിലും തൊട്ടടുത്താണ് പ്രൈമറി ക്ലാസുകൾ. ഭക്ഷണശാലയും അവിടെത്തന്നെ. എപ്പോൾ വേണമെങ്കിലും ഒരു വലിയ അപകടത്തിന് സാക്ഷ്യം വഹിക്കാമെന്ന നില.
പെരിങ്ങര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലും മൂന്നുവർഷം മുമ്പ് ഫിറ്റ്നസ് നഷ്ടപ്പെട്ട കെട്ടിടമുണ്ട്. ഓടുകൾ പാതിയും തകർന്നുവീണു. കെട്ടിടവും ഉടൻ നിലം പൊത്തുമെന്ന അവസ്ഥ. സമീപത്തെ ക്ലാസുകൾ നടക്കുന്ന കെട്ടിടത്തിലേക്ക് വിദ്യാർഥികൾ പോകുന്നതും ഇതുവഴിയാണ്.
അപകടകരമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പിന് പലതവണ പരാതി നൽകി. പക്ഷേ മൗനമാണ് മറുപടി.