തിരുവല്ലയ്ക്കടുത്ത് കുന്നന്താനം പാലക്കൽത്തകിടി സെന്റ് മേരീസ് സർക്കാർ ഹൈസ്കൂളിൽ അധ്യാപകനെ നിയമിക്കാത്തതിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പ്രതിഷേധം. മകൻ പഠിക്കുന്ന സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയെ നിയമിക്കാത്തതിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വി സുബിനാണ് കുത്തിയിരിപ്പ് സമരത്തിന് ഒരുങ്ങുന്നത്. സമരത്തിന് എബിവിപി പിന്തുണ പ്രഖ്യാപിച്ചു.
സ്കൂൾ തുറന്ന് ഒന്നരമാസം പിന്നിട്ടിട്ടും ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കാത്തതിലാണ് സിപിഎം കുന്നന്താനം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വി സുബിന്റെ പ്രതിഷേധം. ഇംഗ്ലീഷ് പഠിപ്പിക്കുന്നത് സാമൂഹ്യശാസ്ത്രം അധ്യാപികയാണ്. പത്താം ക്ലാസുകാരനായ മകനെ ഒന്നരമാസം കൊണ്ട് പഠിപ്പിച്ചത് ഇംഗ്ലീഷ് പുസ്തകത്തിലെ രണ്ട് ഖണ്ഡിക മാത്രമെന്ന് എസ്.വി സുബിൻ.
ഈ മാസം 18നകം അധ്യാപകരെ നിയമിച്ചില്ലെങ്കിൽ 21ന് വിദ്യാഭ്യാസ വകുപ്പിനെതിരെ കുത്തിയിരുപ്പ് സമരം തുടങ്ങാനാണ് സുബിന്റെ തീരുമാനം. സുബിന്റെ സമരത്തിന് എബിവിപി പിന്തുണയറിയിച്ചു. വിവാദത്തിൽ പ്രതികരിക്കാനോ സുബിനെ പിന്തുണയ്ക്കാനോ സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി തയ്യാറായില്ല. അതേസമയം വെള്ളിയാഴ്ച താൽക്കാലിക അധ്യാപകരെ നിയമിക്കാൻ അഭിമുഖം നടത്തുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അറിയിച്ചു.