മഴ കനത്തതോടെ അക്ഷരാര്‍ത്ഥത്തില്‍ നാമാവശേഷമായി പത്തനംതിട്ട സ്വകാര്യബസ് സ്റ്റാന്‍ഡിന് മുന്നിലെ റോഡ്. കാല്‍നടയാത്രപോലും ദുഷ്കരമായ റോഡിന്റെ അവസ്ഥയെക്കുറിച്ച് പരാതിപ്പെടുന്നവരോട് മൂന്നാംവര്‍ഷവും മേല്‍പ്പാലംപണി ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ മറുപടി.
മേല്‍പ്പാലം പണി നടക്കുന്നത് കൊണ്ടാണ് റോഡ് ഇങ്ങനെയാണ് ഉദ്യോഗസ്ഥരുടെ മറുപടി.മേല്‍പ്പാലം പണി നടക്കുകയല്ല ഇഴയുകയാണ് എന്നതാണ് വാസ്തവം. എട്ടുമാസംകൊണ്ട് തീര്‍ക്കും എന്ന് പറഞ്ഞ് തുടങ്ങിയപണിയാണ് മൂന്നാംവര്‍ഷവും പിന്നിട്ട് ഇഴയുന്നത്. ഇക്കാലമത്രയും തകര്‍ന്ന റോഡിലൂടെ യാത്രചെയ്ത് യാത്രക്കാരുടെ നടുവൊടിഞ്ഞു.
റോഡിലെ കുഴികളിലെല്ലാം വെള്ളം നിറഞ്ഞു. നടന്നു പോകുന്നവരെ വാഹനങ്ങള്‍ ചെളിവെള്ളത്തില്‍ കുളിപ്പിച്ചെടുക്കും. വഴിയേതാ കുഴിയേതാ എന്നറിയാതെ ചെളിക്കുളത്തില്‍ വീണ് പരുക്കേറ്റവരുണ്ട്. ബസ് സ്റ്റാന്‍ഡ് അടുത്തിയെ പുതുക്കിപ്പണിതു. പക്ഷേ ചെളിനിറഞ്ഞ വഴി കാരണം യാത്രക്കാര്‍ മറ്റ് ബസ് സ്റ്റോപ്പുകളില്‍ നിന്നാണ് യാത്ര. ഇതോടെ കച്ചവടക്കാരുടേയും നടുവൊടിഞ്ഞു.
പാലം പണി നടന്നോട്ടെ കുഴി അടയ്ക്കാന്‍ എന്താണ് തടസം എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ഇനി മേല്‍പ്പാലം പണി തീരുംവരെ കാക്കണമെങ്കില്‍ അതെത്രകാലം വേണ്ടി വരുമെന്ന് ആര്‍ക്കും പറയാനും കഴിയില്ല