പത്തനംതിട്ട പെരുനാട്ടില്‍ കൊലക്കേസ് പ്രതിയുടെ കടയിലെ സ്ഫോടനത്തിന്‍റെ പേരില്‍ പൊലീസിനെതിരെ സിഐടിയു. ദൂരൂഹത ഇല്ലെന്നും ലൈറ്റര്‍ പൊട്ടിത്തെറിച്ചതാണ് എന്നുമുള്ള വാര്‍ത്താക്കുറിപ്പിലാണ് പ്രതിഷേധം. സിഐടിയു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയകേസിലെ പ്രതിയുടെ വീട്ടിലായിരുന്നു ഇന്നലെ സ്ഫോടനം.
പെരുനാട് ജിതിന്‍ ഷാജി കൊലക്കേസ് പ്രതി നിഖിലേഷിന്‍റെ പിതാവ് ശിവന്‍കുട്ടിയുടെ കടയിലായിരുന്നു ഇന്നലെ രാവിലെ ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം.ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സ്ഫോടക വസ്തു ഇല്ല, ചപ്പു ചവറുകളിട്ടപ്പോള്‍ ഒരു ലൈറ്ററും പെട്ടതെന്ന് വൈകിട്ട് പൊലീസ് വാര്‍ത്താക്കുറിപ്പ് ഇറക്കി .ഇതിനെതിരെയാണ് സി.ഐ.ടി.യു.പ്രതിഷേധം.കൃത്യമായ അന്വേഷണം നടന്നില്ല,ജാമ്യത്തിലുള്ള പ്രതി നിഖിലേഷിന്‍റെ സാന്നിധ്യം പരിശോധിച്ചില്ല തുടങ്ങിയവയായിരുന്നു ആരോപണം.എസ്പി ഓഫിസില്‍ ഗൂഢസംഘം ഉണ്ട് എന്ന് വരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ സിഐടിയും ജില്ലാ സെക്രട്ടറി ആരോപിച്ചു.
ഫൊറന്‍സിക് പരിശോധനാഫലം വരുംമുന്‍പുള്ള വാര്‍ത്താക്കുറിപ്പില്‍ എസ്പിയേയും പ്രതിഷേധം അറിയിക്കും. സര്‍ക്കാരിനേയും പൊലീസിനേയും ആക്ഷേപിക്കുന്നതിനായി എസ്.പി.ഓഫിസിലെ സംഘം പ്രവര്‍ത്തിക്കുന്നു എന്നും ഹര്‍ഷകുമാര്‍ വിമര്‍ശിച്ചു.എസ്.പി.ഓഫിസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പുകളില്‍ ചിലത് ഒതുക്കുന്നതായി നേരത്തെ തന്നെ വിമര്‍ശനം ഉണ്ട്. മീഡിയ സെല്ലിന് താല്‍പര്യമുള്ളവര്‍ അറസ്റ്റിലായാല്‍ വാര്‍ത്ത പുറത്തു വിടുന്നില്ല എന്നാണ് ആരോപണം.